കണ്ണൂർ: സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പിവി സത്യനാഥന്റെ കൊലപാതകത്തിൽ അനുശോചനം അറിയിച്ച് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അങ്ങേയറ്റം ദുഃഖഭരിതമായ നിമിഷമാണിതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. കൊയിലാണ്ടി പ്രദേശത്തെ പാർട്ടിയുടെ ധീരവും ജനകീയവുമായ മുഖമായിരുന്നു സത്യനാഥനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.
സമഗ്രമായ അന്വേഷണത്തിലൂടെ കൊലപാതകത്തിൽ പങ്കുള്ള മുഴുവൻ ആളുകളെയും നിയമത്തിന് മുൻപിൽ കൊണ്ടുവരേണ്ടതുണ്ട്. സിപിഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്ന നിലയിൽ നാടിന്റെ എല്ലാ ആവശ്യങ്ങൾക്കും ഓടിയെത്തുന്ന സഖാവിനെയാണ് നഷ്ടമായിരിക്കുന്നത്. പെരുവട്ടൂർ ചെറിയപുരം ക്ഷേത്രോത്സവത്തിനിടെ ക്ഷേത്രമുറ്റത്ത് വെച്ചാണ് സ. സത്യനാഥനെ വെട്ടിക്കൊലപ്പെടുത്തിയത്. അത്യന്തം ഹീനവും മനുഷ്യത്വരഹിതവുമായ കൊലപാതകത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിലാണെന്നും എം വി ഗോവിന്ദൻ അറിയിച്ചു.
സത്യനാഥന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി എൽഡിഎഫ് കൺവീനർ ഇപി ജയരാജനും രംഗത്തെത്തി. ഉത്തമനായ സഖാവിനെയാണ് നഷ്ടമായതെന്ന് അദ്ദേഹം പറഞ്ഞു. പ്രയാസകരമായ ജീവിതം നയിച്ചയാളാണ്. നല്ലൊരു പാർട്ടി സെക്രട്ടറിയെയാണ് നഷ്ടമായത്. പ്രതിയായ അഭിലാഷ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ആളാണ്. ക്രിമിനൽ സ്വഭാവം മനസിലാക്കിയപ്പോഴാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. കൊലപാതകം നടത്തിയ ആൾക്ക് ആറ് വർഷമായി പാർട്ടിയുമായി ബന്ധമില്ല. സിപിഎം വിരുദ്ധ മനോഭാവമുള്ള ആളാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കൊയിലാണ്ടി പാർട്ടിയിൽ ഒരു പ്രശ്നവുമില്ല. ക്രിമിനൽ സ്വഭാവമുള്ളവർ ചെറിയ വിരോധം ഉണ്ടെങ്കിൽ പോലും കൊലപാതകം നടത്തും. സത്യനാഥ് സ്നേഹത്തോടെ വളർത്തി കൊണ്ടുവന്ന ആളാണ് പ്രതി. തയ്യാറെടുപ്പോടെ നടത്തിയ കൊലപാതകമാണിതെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു.

