ന്യൂഡൽഹി: കർഷകസമരത്തിനിടെ കഴിഞ്ഞ ദിവസം ഖനൗരിയിൽ കൊല്ലപ്പെട്ട ശുഭ് കരൺ സിങ്ങിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുമെന്ന് പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ശുഭ് കരൺ സിംഗിന്റെ സഹോദരിക്ക് സർക്കാർ ജോലി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശുഭ് കരൺ സിംഗിന്റെ മരണത്തിൽ ഉത്തരവാദികൾക്കെതി െശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. എക്‌സ് മാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അതേസമയം, കർഷകൻ കൊല്ലപ്പെട്ടതിൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനും ആഭ്യന്തര മന്ത്രി അനിൽ വിജിനും എതിരെ കൊലക്കുറ്റം ചുമത്തണമെന്നും നഷ്ടപരിഹാരമായി ഒരു കോടി രൂപ നൽകണമെന്നും സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) ആവശ്യപ്പെട്ടിരുന്നു. കർഷകസമരത്തിൽ അണിചേരുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് എസ്എംകെ ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരി 26ന് ദേശീയതലത്തിൽ ട്രാക്ടർ മാർച്ചുകൾ സംഘടിപ്പിക്കുമെന്നും മാർച്ച് 14ന് ഡൽഹിയിലെ രാംലീല മൈതാനിയിൽ അഖിലേന്ത്യാ അഖില കിസാൻ മസ്ദൂർ മഹാപഞ്ചായത്ത് വിളിച്ചുകൂട്ടുമെന്നും സംഘടന പറഞ്ഞു.
കർഷകസമരത്തിന് നേതൃത്വം നൽകുന്ന നേതാക്കൾക്കെതിരെയും പ്രതിഷേധക്കാർക്കെതിരെയും ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) ചുമത്താനാണ് ഹരിയാന പൊലീസിന്റെ തീരുമാനം. സമരത്തിന്റെ പേരിൽ ക്രമസമാധാനം തകർക്കുകയാണെന്നും പൊതുമുതൽ നശിപ്പിക്കുകയാണെന്നും അംബാല ജില്ലാ പൊലീസ് അറിയിച്ചു.

