ഗൂഗിൾ ജെമിനി പ്രധാനമന്ത്രിക്കെതിരെ പക്ഷപാതിത്വം കാണിക്കുന്നുവെന്ന് ആരോപണം; പ്രതികരണവുമായി കേന്ദ്രമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗൂഗിളിന്റെ ചാറ്റ്ബോട്ട് സേവനമായ ജെമിനി പക്ഷപാതിത്വം കാണിക്കുന്നുവെന്ന് ആരോപണം. ഒരു ട്വിറ്റർ ഉപഭോക്താവാണ് ഇതുസംബന്ധിച്ച ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ചാറ്റ് ബോട്ടുമായി നടത്തിയ ചാറ്റിന്റെ സ്‌ക്രീൻഷോട്ട് ഉൾപ്പടെ അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഈ പോസ്റ്റിനോട് പ്രതികരിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. ശ്രീമോയ് തലൂക്ദാർ എന്നയാളാണ് എക്സിൽ ജെമിനെക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. നരേന്ദ്രമോദി ഫാസിസ്റ്റാണോ എന്ന ചോദ്യത്തിന് മോദിയുടെ ചില നയങ്ങൾ ചൂണ്ടിക്കാട്ടി ചില വിദഗ്ദർ അദ്ദേഹത്തെ ഫാസിസ്റ്റായി ചിത്രീകരിക്കാറുണ്ടെന്നായിരുന്നു ജെമിനി മറുപടി നൽകിയത്. ഇതേ ചോദ്യം തന്നെ യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയെകുറിച്ചും ട്രംപിനെ കുറിച്ചും ചോദിച്ചിരുന്നു. എന്നാൽ, ജെമിനി ഇക്കാര്യത്തിൽ മറുപടി നൽകിയിരുന്നില്ല. ഇതിന്റെ സ്‌ക്രീൻ ഷോട്ടുകളാണ് ശ്രീമോയ് ഷെയർ ചെയ്തിരിക്കുന്നത്.

ഗൂഗിൾ എഐ, ഗൂഗിൾ ഇന്ത്യ, ഐടി മന്ത്രാലയം എന്നീ അക്കൗണ്ടുകൾ ടാഗ് ചെയ്തുകൊണ്ടാണ് മന്ത്രി ഈ പോസ്റ്റിൽ പ്രതികരണം നടത്തിയത്. ഐടി ആക്റ്റിലെ ഇന്റർമീഡിയറി റൂൾസിലെ റൂൾ 3(1) ന്റെയും വിവിധ ക്രിമിനൽ നിയമങ്ങളുടെ വ്യവസ്ഥകളുടേയും നേരിട്ടുള്ള ലംഘനമാണിതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. അടുത്തിടെയാണ് ബാർഡ് എന്ന സേവനത്തെ ജെമിനി എന്ന പേരിലേക്ക് ഗൂഗിൾ റീബ്രാൻഡ് ചെയ്തത്. ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും, എഴുതാനുമെല്ലാം കഴിവുള്ള ഒന്നാണിത്.