ഇന്ത്യ ഉൾപ്പടെ വിവിധ രാജ്യങ്ങളെ ലക്ഷ്യമിട്ട് ചൈന വൻ സൈബറാക്രമണം നടത്തിയെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യ, യുകെ, യുഎസ് ഉൾപ്പടെ വിവിധ രാജ്യങ്ങളെ ലക്ഷ്യമിട്ട് ചൈന വൻ സൈബറാക്രമണം നടത്തിയെന്ന് റിപ്പോർട്ട്. ഇന്ത്യൻ ഏജൻസികളുടെ കൈവശമുള്ള 95.2 ജിബി വരുന്ന ഇമിഗ്രേഷൻ ഡാറ്റ ബെയ്ജിങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാക്കിങ് സംഘം ചോർത്തിയെന്നാണ് പുറത്തു വരുന്ന വിവരം. വാഷിങ്ടൺ പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മൈക്രോസോഫ്റ്റ്, ആപ്പിൾ, ഗൂഗിൾ ഉൾപ്പടെയുള്ള മുൻനിര സേവനങ്ങളിലെ സാങ്കേതിക പിഴവുകൾ ദുരുപയോഗം ചെയ്താണ് ഹാക്കിങ് നടന്നത്. ചൈനയിലെ ഐസൂൺ എന്ന സ്ഥാപനം ചോർത്തിയ രേഖകൾ ഓൺലൈൻ ഡെവലപ്പർ പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബ്ബിൽ അജ്ഞാതൻ പോസ്റ്റ് ചെയ്തതോടെയാണ് ഹാക്കിങ് വിവരം പുറത്തറിഞ്ഞത്. രേഖകളും ചാറ്റ് ലോഗുകളും ഉൾപ്പെടെ 577 രേഖകൾ ഇതിലുണ്ട്.

ഇന്ത്യ, യുഎസ്, യുകെ, തായ് വാൻ, മലേഷ്യ ഉൾപ്പടെ 20 ഓളം രാജ്യങ്ങളെ ഹാക്കർമാർ ലക്ഷ്യമിട്ടിട്ടുണ്ട്. യുകെയുടെ ഫോറിൻ ഓഫീസിനെതിരെയാണ് ഹാക്കിങ് നടന്നത്. ചൈനീസ് സൈന്യം, പോലീസ്, സുരക്ഷാ ഏജൻസികൾ തുടങ്ങി സർക്കാരിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങൾക്ക് സൈബർ സുരക്ഷാ സേവനങ്ങൾ നൽകുന്നതിനായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികളിലൊന്നാണ് ഐസൂൺ. ഷാങ് ഹായിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. 25 ജീവനക്കാരാണ് ഇവിടെയുള്ളത്.

ചൈനീസ് പോലീസ്, രഹസ്യാന്വേഷണ സേവനങ്ങൾ എന്നിവരെല്ലാം ഐസൂണിന്റെ ഉപഭോക്താക്കളാണെന്നാണ് പുറത്തു വരുന്ന വിവരം.