തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിയിലേക്ക് നിയമിതനായി ബിജെപി നേതാവ് കരമന ജയൻ. കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായാണ് കരമന ജയൻ നിയമിക്കപ്പെട്ടത്. ഭരണ സമിതി ചെയർമാനായ ജില്ലാ ജഡ്ജിക്ക് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ഇതുസംബന്ധിച്ച കത്ത് നൽകി.
കുമ്മനം രാജശേഖരന് പകരമാണ് കരമന ജയനെ നിയമിച്ചിരിക്കുന്നത്. സാംസ്‌കാരിക മന്ത്രാലയം ജില്ലാ ജഡ്ജിക്ക് നൽകിയ കത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അഞ്ചംഗ ഭരണ സമിതിയിൽ തിരുവനന്തപുരം ജില്ലാ ജഡ്ജിയാണ് അധ്യക്ഷൻ. കേന്ദ്രസർക്കാർ പ്രതിനിധിക്ക് പുറമേ ട്രസ്റ്റിന്റെ നോമിനി, സംസ്ഥാന സർക്കാരിന്റെ പ്രതിനിധി എന്നിവരും സമിതിയിൽ അംഗങ്ങളാണ്.
തിരുവനന്തപുരം ജില്ലയിലെ മുതിർന്ന നേതാവാണ് കരമന ജയൻ. നിലിവിൽ ബിജെപി സംസ്ഥാന സെക്രട്ടറിയാണ് അദ്ദേഹം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാറശാല മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിക്കുകയും ചെയ്തിട്ടുണ്ട്.

