വയനാട്: മനുഷ്യന്റെ ജീവനും സ്വത്തിനും അപായമുണ്ടാക്കുന്ന ജീവികളെ നേരിടാൻ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര വനംമന്ത്രി ഭുപേന്ദർ യാദവ്. വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്ക് നൽകുന്ന പത്ത് ലക്ഷം കേന്ദ്ര വിഹിതമാണെന്നും സംസ്ഥാനത്തിന് വേണമെങ്കിൽ അത് കൂട്ടാമെന്നും മന്ത്രി അറിയിച്ചു. വയനാട്ടിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വന്യജീവി സംരക്ഷണ നിയമം 1972ലെ വകുപ്പ് 11 അനുസരിച്ച്, മനുഷ്യന് അപായമുണ്ടാക്കുന്ന വന്യജീവികളെ നേരിടാൻ സംസ്ഥാനത്തിന് അധികാരമുണ്ട്. ഇത്തരത്തിലുള്ള മൃഗങ്ങളെ പിടികൂടാനും, മയക്കുവെടി വയ്ക്കാനും, കൊല്ലാനുമുള്ള അവകാശമുണ്ട്. അതിനാൽ ഈ നിയമം വേണ്ട വിധത്തിൽ ഉപയോഗിച്ച് വയനാട്ടിലെ കർഷകരെയും അവരുടെ വിളകളെയും സംരക്ഷിക്കാൻ തയ്യാറാവണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
കടുവ പോലുള്ള മൃഗങ്ങളാണെങ്കിൽ കേന്ദ്ര അനുമതി തേടേണ്ടി വരും. ഇത്തരം അടിയന്തര ഘട്ടങ്ങളിൽ ഫോൺ കോളിലൂടെയായാൽ പോലും അനുമതി നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

