കോട്ടയം: ചർച്ച് ബിൽ വന്നാൽ ഓരോ പള്ളിയിലും പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് വ്യക്തമാക്കി ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ മർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ. ബില്ല് വരികയാണെങ്കിൽ സംസ്ഥാനത്ത് സമാധാനം തകർക്കപ്പെടുന്ന സ്ഥിതിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയത്തിൽ സമാധാനത്തിന് സമവായ നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് തങ്ങളോട് പറയാം. ചർച്ച് ബില്ലിനെ കുറിച്ച് മുഖ്യമന്ത്രി പറയുമ്പോൾ ചർച്ച് ബിൽ ഇല്ലെന്നാണ് എൽഡിഎഫിലെ തന്നെ ഉന്നതർ ഉറപ്പു നൽകിയത്. ചർച്ച് ബിൽ ഒരിക്കലും ഒരു പരിഹാരമല്ല. മറ്റ് സമാധാന നിർദ്ദേശങ്ങൾ ഉണ്ടെങ്കിൽ മുഖ്യമന്ത്രിക്ക് അത് പറയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓർത്തഡോക്‌സ് സഭയ്ക്ക് പ്രത്യേക രാഷ്ട്രീയ നിലപാടുകൾ ഇല്ല. എങ്ങനെ വോട്ടു ചെയ്യണമെന്ന് സഭയിലെ മക്കൾക്ക് അറിയാം. അവരത് ചെയ്തു കൊള്ളും. പത്തനംതിട്ടയിലെയും തിരുവനന്തപുരത്തെയും ഓർത്തഡോക്‌സ് സഭയിലെ ആഭ്യന്തര പ്രശ്‌നങ്ങൾ പരിഹരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

