തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങൾക്ക് അന്തിമമായി പരിഹാരം കാണേണ്ടത് കേന്ദ്ര സർക്കാരാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. കേന്ദ്രവനം മന്ത്രിയുടെ സന്ദർശനം അനൗദ്യോഗികം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി വന്നത് നല്ല കാര്യമാണ്. കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തില്ലെന്നും അദ്ദേഹം അറിയിച്ചു.
വയനാട്ടിലെ ആളക്കൊല്ലി കാട്ടാന ബേലൂർ മഖ്‌നയെ പിടികൂടും വരെ ദൗത്യം തുടരും. ആന വനാതിർത്തിക്ക് പുറത്തെത്തിയാൽ വെടിവെക്കും. ആന കർണാടക വന മേഖലയിലാണെന്നും തുടർച്ചയായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വിശദമാക്കി. ഹൈക്കോടതി നിലപാടിൽ അയവ് വരുത്തിയിട്ടുണ്ട്. മൂന്ന് സംസ്ഥാനങ്ങളും തമ്മിൽ കൂടിയാലോചന നടക്കുണ്ട്. കേസെടുത്തത് പ്രതിഷേധക്കാർക്ക് എതിരെയല്ല. അക്രമം നടത്തിയവർക്ക് എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബലൂർ മോഴ ആന ഇപ്പോഴും കർണാടകയിലെ വനമേഖലയിൽ തുടരുകയാണെന്നാണ് വനംവകുപ്പ് അറിയിച്ചിരിക്കുന്നത്. റേഡിയോ കോളർ വഴി ആനയുടെ നീക്കങ്ങൾ കേരള വനംവകുപ്പ് നിരീക്ഷിച്ചു വരികയാണ്. ആന ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങാതിരിക്കാൻ രാത്രികാല പട്രോളിംഗും ശക്തമാക്കിയിരിക്കുകയാണ്.

