ഇംഫാൽ: മണിപ്പൂരിൽ കലാപത്തിന് കാരണമായ വിവാദ ഉത്തരവിൽ തിരുത്ത് വരുത്തി മണിപ്പൂർ ഹൈക്കോടതി. സംസ്ഥാനത്തെ പ്രബല വിഭാഗമായ മെയ്‌തെകൾക്ക് എസ്ടി പദവി നൽകുന്നത് പരിഗണിക്കാമെന്ന ഭാഗം വിവാദ ഉത്തരവിൽ നിന്ന് ഹൈക്കോടതി നീക്കി. സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കപ്പെടാൻ കാരണമായ ഉത്തരവിലാണ് ഈ നടപടി.
2023 മാർച്ച് 27 ന് ആയിരുന്നു ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിധിക്കെതിരെ കുക്കി വിഭാഗക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും തിരുത്തൽ ഉണ്ടായിരിക്കുന്നത്. അതേസമയം, ത്തരവിലെ ഒരു പാരഗ്രാഫ് മാത്രം നീക്കിയത് കൊണ്ട് യാതൊന്നും സംഭവിക്കില്ലെന്നും ബാക്കി ഭാഗങ്ങളിൽ ഇത് സംബന്ധിച്ച് പറയുന്നുണ്ടല്ലോയെന്നുമാണ് കുക്കി വിഭാഗത്തിന്റെ നിലപാട്.

