പിണറായി സർക്കാർ പകൽ എസ്എഫ്‌ഐക്കൊപ്പവും രാത്രിയിൽ പിഎഫ്‌ഐയ്ക്കു വേണ്ടിയുമാണ് പ്രവർത്തിക്കുന്നത്; ഗവർണർ

ന്യൂഡൽഹി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെ പിണറായി വിജയൻ സർക്കാർ പകൽ എസ്എഫ്‌ഐക്കൊപ്പവും രാത്രിയിൽ പിഎഫ്‌ഐയ്ക്കു (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) വേണ്ടിയുമാണ് പ്രവർത്തിക്കുന്നതെന്ന് ഗവർണർ ആരോപിച്ചു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗവർണറുടെ പരാമർശം.

കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം നിരോധിച്ച പിഎഫ്‌ഐയുമായി കേരളത്തിലെ ഭരണകക്ഷിയായ സിപിഎമ്മിനു ചങ്ങാത്തമുണ്ട്. എസ്എഫ്‌ഐ വഴിയാണു ബന്ധം. പകൽ സമയങ്ങളിൽ കേരള സർക്കാർ എസ്എഫ്‌ഐയുടെ ഒപ്പമാണ്. രാത്രിയിൽ പിഎഫ്‌ഐക്കു വേണ്ടി പണിയെടുക്കും. കേന്ദ്ര സർക്കാർ ഏജൻസികൾക്കും ഈ വിവരമറിയാം. തനിക്കെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ 15 എസ്എഫ്‌ഐ പ്രവർത്തകരിൽ പകുതിയോളം പേരും സജീവ പിഎഫ്‌ഐ വൊളന്റിയർമാരാണെന്നു സർക്കാർ ഏജൻസികൾക്ക് അറിയാം. ഇതു പുതിയ കാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമസഭയിലും ആരോപണങ്ങൾ ഉയർന്നിരുന്നു. കേരളത്തിലെ ജനങ്ങളും ഇക്കാര്യങ്ങൾ സംസാരിക്കാറുണ്ട്. തനിക്കെതിരെ കരിങ്കൊടി കാണിക്കുന്നവർ ശരിക്കും വിദ്യാർഥികളാണോ എന്നതിൽ സംശയമുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു.