ന്യൂഡൽഹി: ഇറാനിയൻ മത്സ്യബന്ധന ബോട്ടിന് ഇന്ത്യൻ നാവിക സേന രക്ഷകരായി. നടുക്കടലിൽ വെച്ച് അടിയന്തര മെഡിക്കൽ സാഹചര്യം നേരിട്ട മത്സ്യബന്ധ തൊഴിലാളികൾക്കാണ് ഇന്ത്യ നാവിക സേന രക്ഷകരായത്. ഏദൻ കടലിടുക്കിൽ വിന്യസിച്ച ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ്. ശിവാലിക് എന്ന കപ്പലാണ് സന്ദേശം ലഭിച്ച ഉടൻ സഹായഹസ്തം എത്തിച്ച് നൽകിയത്. ഇറാനിയൻ ബോട്ടായ അൽ അരിഫിയിലെ 18 പാകിസ്താനി മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ വൈദ്യസഹായവും അവശ്യ മരുന്നുകളുമാണ് ഇന്ത്യൻ നാവികസേന നൽകിയത്. ഇന്ത്യൻ നാവികസേന വക്താവ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
‘സാഗർ’ (സെക്യൂരിറ്റി ആൻഡ് ഗ്രോത്ത് ഫോർ ഓൾ ഇൻ ദി റീജിയൻ) പദ്ധതിയുടെ ഭാഗമായി വിന്യസിക്കപ്പെട്ട കപ്പലാണ് ഐ.എൻ.എസ്. ശിവാലിക്. സമുദ്ര സുരക്ഷയ്ക്കായാണ് സാഗർ പദ്ധതി രൂപവത്കരിച്ചത്. അതേസമയം, ജനുവരി മാസം ലൈബീരിയൻ പതാക വഹിക്കുന്ന കപ്പൽ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ഇന്ത്യൻ നാവികസേന തടഞ്ഞിരുന്നു. അറബിക്കടലിൽ സൊമാലിയൻ തീരത്ത് വെച്ചായിരുന്നു സംഭവം. ഐഎൻഎസ് ചെന്നൈ അന്ന് രക്ഷയ്ക്കായി എത്തിയത്.
ഇന്ത്യൻ നാവികസേനയാണ് സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാൻ പതാകയുള്ള മത്സ്യബന്ധന ബോട്ടിനെ മോചിപ്പിച്ചതും. ജനുവരി 29-ന് ഐഎൻഎസ് സുമിത്രയാണ് സൊമാലിയയുടെ കിഴക്കൻ തീരത്ത് ദൗത്യത്തിനെത്തിയത്. ഹൂതി മിസൈൽ ആക്രമണത്തെ തുടർന്ന് തീ പിടിച്ച ബ്രിട്ടീഷ്, അമേരിക്കൻ കപ്പലുകൾക്കും ഇന്ത്യ രക്ഷകരായി എത്തിയിരുന്നു. ജനുവരി 18-നാണ് അമേരിക്കൻ ചരക്കുകപ്പൽ എം.വി. ജെൻകോ പികാർഡി എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. മിസൈൽവേധ കപ്പലായ ഐഎൻഎസ് വിശാഖപട്ടണമാണ് അന്ന് തീ നിയന്ത്രണവിധേയമാക്കിയത്.

