തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനത്തിൽ യുഡിഎഫ് യോഗത്തിന് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂവെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് വെച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് മുസ്ലിം ലീഗ്.
പാണക്കാട് വെച്ച് മുസ്ലിം ലീഗ് ഇന്ന് അടിയന്തര യോഗം ചേർന്നിരുന്നു. പാണക്കാട് സാദിഖ് അലി തങ്ങളുടെ വസതിയിൽ വെച്ചാണ് അടിയന്തിര നേതൃയോഗം ചേർന്നത്. മൂന്നാം സീറ്റെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കാനും വിട്ട് വീഴ്ച വേണ്ടെന്നുമാണ് യോഗത്തിലെ തീരുമാനം.
എന്നാൽ, സീറ്റിന്റെ പേരിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കേണ്ടെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. സമരാഗ്നി ജാഥ സമാപിക്കുന്നതിന് മുൻപ് തന്നെ മുസ്ലിംലീഗിന്റെ മൂന്നാം സീറ്റ് ആവശ്യത്തിൽ തീരുമാനമെടുക്കാനാണ് നേതാക്കൾ പദ്ധതിയിടുന്നത്. വിഷയത്തിൽ അധികം വൈകാതെ പ്രശ്നപരിഹാരം ഉണ്ടാക്കാനാണ് യുഡിഎഫ് നേതാക്കളും ശ്രമിക്കുന്നത്.

