തിരുവനന്തപുരം: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സിപിഎം സ്ഥാനാർത്ഥികളുടെ അന്തിമ പട്ടികയിൽ തീരുമാനമായി. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. ഫെബ്രുവരി 26 നായിരിക്കും സ്ഥാനാർത്ഥി പ്രഖ്യാപനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയെന്നാണ് വിവരം. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് ശേഷം പിബി അനുമതിയോടെയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. കരുത്തരായ നേതാക്കളെയാണ് ഇത്തവണ സിപിഎം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്.
സ്ഥാനാർത്ഥി പട്ടികയിൽ ഒരു പൊളിറ്റ് ബ്യൂറോ അംഗം, നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, ഒരു മന്ത്രിയടക്കം നാല് എംഎൽഎമാർ, മൂന്ന് സിപിഎം ജില്ലാ സെക്രട്ടറിമാർ എന്നിങ്ങനെ കരുത്തരായ നേതാക്കളാണ് മത്സര രംഗത്തുള്ളത്. ആലത്തൂരിൽ കെ രാധാകൃഷ്ണനും വടകരയിൽ കെ കെ ശൈലജയും തോമസ് ഐസക്ക് പത്തനംതിട്ടയിലും എളമരം കരീം കോഴിക്കോടും മത്സരിക്കും. ആലത്തൂരിൽ എ എം ആരിഫും കൊല്ലത്ത് എം മുകേഷുമാണ് മത്സരിക്കുക.
മുൻ മുസ്ലീം ലീഗ് നേതാവ് കെ എസ് ഹംസയാണ് പൊന്നാനിയിലെ സിപിഎം സ്ഥാനാർത്ഥി. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് മലപ്പുറത്ത് സ്ഥാനാർത്ഥിയാകും. ചാലക്കുടിയിൽ മുൻ മന്ത്രി സി രവീന്ദ്രനാഥ് മത്സരിക്കും. എറണാകുളത്ത് കെഎസ്ടിഎ നേതാവ് കെ ജെ ഷൈൻ, പാലക്കാട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വിജയരാഘവൻ, കണ്ണൂരിൽ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ, കാസർകോട് സിപിഎം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ, ആറ്റിങ്ങലിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് എന്നിവരാണ് സ്ഥാനാർത്ഥികൾ.

