ജെ പി നദ്ദ ഉൾപ്പെടെ 41 സ്ഥാനാർഥികൾ രാജ്യസഭയിലേക്ക്; തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

ന്യൂഡൽഹി: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, ധർമേന്ദ്ര പ്രധാൻ തുടങ്ങിയവർ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 41 സ്ഥാനാർഥികളാണ് എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്നലെയായിരുന്നു നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. നിലവിൽ 59 സ്ഥാനാർത്ഥികളിൽ 41 പേരും വിജയിച്ചതായി ഉറപ്പിച്ചെങ്കിലും ഫെബ്രുവരി 27ന് മാത്രമെ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കൂ. ശേഷിക്കുന്ന 15 സീറ്റുകളിലേക്കായി ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, കർണാടക എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കും.

ജെ പി നദ്ദ രാജ്യസഭയിലേക്ക് മത്സരിച്ചത് ഗുജറാത്തിൽ നിന്നാണ്. കേന്ദ്രമന്ത്രി എൽ മുരുകൻ മധ്യപ്രദേശിൽ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഒഡീഷയിൽ നിന്ന് ഭരണകക്ഷിയായ ബിജു ജനതാദളിന്റെ പിന്തുണയോടെയാണ് അശ്വനി വൈഷ്ണവ് രണ്ടാം തവണയും രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അശ്വനി വൈഷ്ണവ്, എൽ മുരുകൻ, പാർട്ടി വക്താവ് സുധാംശു ത്രിവേദി എന്നീ നാല് അംഗങ്ങളെ മാത്രമാണ് ബിജെപി രണ്ടാം തവണയും നാമനിർദേശം ചെയ്തിരിക്കുന്നത്.

വജ്രവ്യാപാരി ഗോവിന്ദ്ഭായ് ധോലാകിയ, പാർട്ടി നേതാവ് ജസ്വന്ത്സിങ് പർമർ, ഒബിസി മോർച്ച മേധാവി മായങ്ക് നായക് തുടങ്ങിയവരാണ് ഗുജറാത്തിൽ നിന്ന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ബിജെപി നേതാക്കൾ. പശ്ചിമ ബംഗാളിൽ നാല് തൃണമൂൽ കോൺഗ്രസും ഒരു ബിജെപി സ്ഥാനാർത്ഥിയും എതിരില്ലാതെ വിജയിച്ചു.

രാജ്യസഭാ എംപിയായി കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയും തെരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനിൽ നിന്നും എതിരില്ലാതെയാണ് സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇരുപത്തിയഞ്ച് വർഷം ലോക്സഭാംഗമായിരുന്ന ശേഷമാണ് സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറുന്നത്. ബിജെപി സ്ഥാനാർത്ഥികളായ ചുന്നിലാൽ ഗരാസിയ, മദൻ റാത്തോർ തുടങ്ങിയവരും രാജ്യസഭ എംപിമാരായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.