കോൺഗ്രസിൽ നിന്ന് 65 കോടി രൂപ ഈടാക്കി ആദായ നികുതി വകുപ്പ്

ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന് ആദായ നികുതി വകുപ്പ് 65 കോടി രൂപ ഈടാക്കി. മരവിപ്പിച്ച ബാങ്ക് അക്കൗണ്ടിലെ തുകയിൽ നിന്നാണ് ആദായ നികുതി വകുപ്പ് തുക ഈടാക്കിയത്. 115 കോടി രൂപ പിഴയുടെ ഒരു ഭാഗമാണ് ഈടാക്കിയതെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. നടപടിക്കെതിരെ ആദായ നികുതി അപ്പീൽ ട്രിബ്യൂണലിൽ കോൺഗ്രസ് പരാതി നൽകിയിട്ടുണ്ട്. പരാതി പരിഗണിക്കുന്നത് വരെ തൽസ്ഥിതി തുടരണമെന്നാണ് ട്രിബ്യൂണൽ നൽകിയിരിക്കുന്ന നിർദ്ദേശം.

കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി പാർട്ടി ട്രഷറർ അജയ് മാക്കനാണ് അറിയിച്ചു. കൊടുത്ത ചെക്കുകൾ ബാങ്കുകൾ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ നിന്നും യൂത്ത് കോൺഗ്രസിൽ നിന്നുമായി 210 കോടി രൂപ തിരിച്ചുപിടിക്കണമെന്നാണ് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ക്രൗഡ്ഫണ്ടിങ്ങിലൂടെ സമാഹരിച്ച പണമാണ് അക്കൗണ്ടിലുള്ളതെന്നും തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെയാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജനാധിപത്യത്തെ മരവിപ്പിക്കുന്നതിന് തുല്യമായ നടപടിയാണ് ഇതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അതേസമയം, രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്ന ഇലക്ടറൽ ബോണ്ട് സംവിധാനം റദ്ദാക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി അറിയിച്ചിരുന്നു. സ്‌കീം ഭരണഘടന വിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നുമാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഭരണഘടന ബഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.