പ്രതിഷേധവുമായി മുന്നോട്ട്; ഡൽഹി ചലോ മാർച്ച് പുന:രാരംഭിച്ച് കർഷകർ

ന്യൂഡൽഹി: ഡൽഹി ചലോ മാർച്ച് പുന:രാരംഭിച്ച് കർഷകർ. കേന്ദ്രം മുന്നോട്ടുവച്ച അഞ്ചുവർഷ ഫോർമുല തള്ളിയാണ് കർഷകർ സമരവുമായി മുന്നോട്ടു പോകുന്നത്. ഹരിയാന-പഞ്ചാബ് അതിർത്തിയായ ശംഭുവിൽ പോലീസും കർഷകരും തമ്മിൽ സംഘർഷം ഉണ്ടായി. കർഷകർക്കു നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

ഡൽഹിയിലേക്ക് കർഷകർ പ്രവേശിക്കുന്നത് തടയുന്നതിനായി ശംഭുവിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. സമരം ചെയ്യുന്ന കർഷകർക്ക് ട്രാക്ടർ, ക്രെയിൻ, മണ്ണുമാന്തി യന്ത്രം എന്നിവ നൽകരുതെന്നാണ് പോലീസ് നൽകിയിരിക്കുന്ന നിർദ്ദേശം. ഈ ഉപകരണങ്ങളൊന്നും പ്രതിഷേധം നടത്തുന്നതിന് ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും പോലീസ് അറിയിച്ചു. ഇത്തരം വാഹനങ്ങളും യന്ത്രങ്ങളും സമര സ്ഥലത്തുനിന്നും മാറ്റണമെന്ന ആവശ്യവും പോലീസ് ഉന്നയിച്ചിട്ടുണ്ട്.

മാർച്ച് തടയുന്നതിനായി പോലീസ് റോഡിൽ കോൺക്രീറ്റ് ബീമുകൾ, മുൾവേലികൾ, ആണികൾ, വലിയ ഷിപ്പിങ് കണ്ടെയ്‌നറുകൾ തുടങ്ങിയവ നിരത്തിയിരിക്കുകയാണ്. പോലീസിന്റെ കണ്ണീർ വാതകഷെൽ പ്രയോഗങ്ങൾ ചെറുക്കുന്നതിനായി വലിയ സന്നാഹം കർഷകരും കരുതിയിട്ടുണ്ട്. മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്റർ കാബിൻ ഇരുമ്പുപാളികൾ വച്ച് മറച്ച് മാർച്ച് നടത്താനാണ് കർഷകർ തീരുമാനിച്ചിരിക്കുന്നത്. ഇരുമ്പുപാളികൾ കണ്ണീർ വാതക ഷെല്ലിൽനിന്നും റബ്ബർ പെല്ലറ്റുകളിൽനിന്നും സംരക്ഷണം നൽകുമെന്നാണു കർഷകരുടെ കണക്കുകൂട്ടൽ. കണ്ണീർ വാതകം ശ്വസിക്കാതിരിക്കുന്നതിനായി മുഖം തുണികൊണ്ട് കനത്തിൽ മറയ്ക്കും. വെള്ളത്തിൽ നനച്ച ചാക്കുകൾ പ്രതിരോധത്തിനായി ഉപയോഗിക്കാനും കർഷകർ തീരുമാനിച്ചു.