രാജ്യത്തെപ്പറ്റി നിസ്വാർഥമായി ചിന്തിക്കുന്ന ആരുടെ കൂടെയും സഹകരിക്കും; കമൽ ഹാസൻ

ചെന്നൈ: പ്രതിപക്ഷ ഇന്ത്യ മുന്നണിയിൽ ചേർന്നിട്ടില്ലെന്ന് വ്യക്തമാക്കി നടനും മക്കൾ നീതി മയ്യം (എംഎൻഎം) നേതാവുമായ കമൽ ഹാസൻ. രാജ്യത്തെപ്പറ്റി നിസ്വാർഥമായി ചിന്തിക്കുന്ന ആരുടെ കൂടെയും സഹകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. എംഎൻഎം പാർട്ടിയുടെ ഏഴാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി മാധ്യമങ്ങളോടു സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

എംഎൻഎമ്മിന്റെ രാഷ്ട്രീയ സഖ്യത്തെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ‘നിസ്വാർഥമായി’ രാജ്യത്തെപ്പറ്റി ചിന്തിക്കുന്ന ഏതു സഖ്യത്തെയും പിന്തുണയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഫ്യൂഡൽ രാഷ്ട്രീയത്തിന്റെ ഭാഗമാകില്ല. കക്ഷി രാഷ്ട്രീയം മാറ്റിവച്ച് രാജ്യത്തെപ്പറ്റി ചിന്തിക്കേണ്ട സമയമാണ്. അതിനൊപ്പം എംഎൻഎം ഉണ്ടാകുമെന്നും കമൽ ഹാസൻ കൂട്ടിച്ചേർത്തു. അതേസമയം, നടൻ വിജയുടെ രാഷ്ട്രീയ പ്രവേശനത്തെ കമൽ ഹാസൻ സ്വാഗതം ചെയ്യുകയും ചെയ്തു.