മാസപ്പടി ആരോപണം; മുഖ്യമന്ത്രിയോട് 5 ചോദ്യങ്ങളുമായി വി ഡി സതീശൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനോട് അഞ്ച് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വീണാ വിജയനെതിരായ മാസപ്പടി ആരോപണത്തിലാണ് മുഖ്യമന്ത്രിയോട് വി ഡി സതീശൻ ചോദ്യം ഉന്നയിച്ചത്. കർണാടക ഹൈക്കോടതി ഉത്തരവിൽ ഉയർന്ന ചോദ്യങ്ങളാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. സമരാഗ്നി പ്രക്ഷോഭയാത്രയുടെ വേദിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

എംപവർ ഇന്ത്യ എന്ന കമ്പനിയിൽ നിന്നും എക്‌സാലോജിക് എടുത്ത ലോണിന്റെ ഗണ്യമായ തുക എവിടെപ്പോയി, എക്സാലോജിക് കമ്പനിക്ക് പണം നൽകിയ ഏജൻസികൾക്ക് എന്തെങ്കിലും നികുതി ഇളവ് നൽകിയിട്ടുണ്ടോ, നിരവധി കമ്പനികളും എക്സാലോജിക്കിലേക്ക് മാസപ്പടി അയച്ചിരുന്നു. അത് ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ തുടങ്ങിയ ചോദ്യങ്ങളാണ് വി ഡി സതീശൻ ഉന്നയിച്ചത്. എക്സാലോജിക് കമ്പനിയെ കുറിച്ചുള്ള അന്വേഷണം മൂന്ന് വർഷം ഇ ഡി നടത്താതിരുന്നത് എന്തുകൊണ്ടാണ്, ഏതൊക്കെ ഏജൻസികളാണ് എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതെന്നും വി ഡി സതീശൻ ചോദിച്ചിരുന്നു.

സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ് എഫ് ഐ ഒ) അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് വീണാ വിജയന്റെ എക്‌സാലോജിക് കമ്പനി നൽകിയ ഹർജി കഴിഞ്ഞ ദിവസമാണ് കർണാടക ഹൈക്കോടതി തള്ളിയത്. ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബെഞ്ചിന്റേതാണ് നടപടി. എക്സാലോജിക് – സിഎംആർഎൽ ഇടപാടുകളിൽ എസ്എഫ്‌ഐഒക്ക് അന്വേഷണം തുടരാമെന്നും കോടതി അറിയിച്ചു.