മരട് ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ട്; അനുമതി നിഷേധിച്ച് ഹൈക്കോടതി

കൊച്ചി: മരട് ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ഹൈക്കോടതി സിംഗിൾ ബെഞ്ച്. ഇതിനെതിരെ ദേവസ്വം ഭാരവാഹികൾ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. ബുധനാഴ്ച അപ്പീൽ പരിഗണിക്കും. നേരത്തേ ജില്ലാ കലക്ടറും അനുമതി നൽകിയിരുന്നില്ല. തുടർന്നാണു ദേവസ്വം ഭാരവാഹികൾ ഹൈക്കോടതിയെ സമീപിച്ചത്. ഉത്സവത്തിന്റെ ഭാഗമായി ബുധൻ, വ്യാഴം ദിവസങ്ങളിലാണു വെടിക്കെട്ട് നടത്തേണ്ടത്.

തൃപ്പൂണിത്തുറയിൽ വെടിക്കെട്ട് അപകടത്തിൽ രണ്ടുപേർ മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മരടിലെ വെടിക്കെട്ടിനു ജില്ലാ കലക്ടർ അനുമതി നിഷേധിച്ചത്. പൊലീസ്, റവന്യു, അഗ്നിരക്ഷാസേന തുടങ്ങിയവർ കലക്ടർക്കു റിപ്പോർട്ട് നൽകിയിരുന്നു. സ്ഥലപരിമിതി അടക്കമുള്ള വിഷയങ്ങൾ ഇതിൽ ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിൽ കലക്ടർ അനുമതി നിഷേധിച്ച് ഉത്തരവിറക്കിയത്.

അതേസമയം, മുൻവർഷങ്ങളിൽ വെടിക്കെട്ടിനു ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ടെന്നായിരുന്നു തെക്കേ ചേരുവാരം, വടക്കേ ചേരുവാരം വിഭാഗങ്ങൾ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. എന്നാൽ മുൻവർഷങ്ങളിൽ ഹൈക്കോടതി വിധിയുടെ ലംഘനം നടന്നിട്ടുണ്ടെന്ന് ജസ്റ്റിസ് വിജു എബ്രഹാമും വ്യക്തമാക്കി.

വെടിക്കെട്ട് നടത്താൻ പറ്റിയ സാഹചര്യമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കളക്ടർ അനുമതി നിഷേധിച്ച് ഉത്തരവിട്ടത്. ക്ഷേത്ര മൈതാനത്തിന്റെ കിഴക്കുവശം റോഡും റോഡിന്റെ കിഴക്കുവശത്ത് ഇരുനില വ്യാപാര സ്ഥാപനങ്ങളും വീടുകളുമുണ്ട്. മൈതാനത്തിന്റെ തെക്കുവശം മാങ്കായിൽ സ്‌കൂളും ഐടിഐയുടെ പുതിയ കെട്ടിടവുമാണ്. മൈതാനത്തോട് ചേർന്നു കെട്ടിടങ്ങളും മറ്റു വ്യാപാര സ്ഥാപനങ്ങളുമുണ്ട്. പൊതുജനങ്ങൾക്ക് സൗകര്യപ്രദമായി വെടിക്കെട്ട് കാണുന്നതിനുള്ള സ്ഥലം പ്രധാനമായും റോഡും ക്ഷേത്രപരിസരവും സ്‌കൂൾ പരിസരവുമാണ്. ഇവയ്ക്ക് വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിന്ന് 50-60 മീറ്റർ അകലമേ ഉള്ളൂ തുടങ്ങിയ കാര്യങ്ങളാണ് കളക്ടർ പരിഗണിച്ചത്.