തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കെഎസ്ആർടിസി നടപ്പിലാക്കിയ റൂട്ട് റാഷണലൈസേഷൻ പദ്ധതി എല്ലാ ജില്ലകളിലും നടപ്പിലാക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ പദ്ധതി എല്ലാ ജില്ലകലിലും നടപ്പിലാക്കും. യാത്രക്കാർ കുറവുള്ള സർവീസുകൾ ഒഴിവാക്കി തിരക്കേറിയ സമയത്ത് കൂടുതൽ സർവീസുകൾ നടത്തുന്നതുമാണ് റൂട്ട് റാഷണലൈസേഷൻ. ഇതോടൊപ്പം കട്ടപ്പുറത്തുള്ള ബസുകൾ കൂടി നിരത്തിലിറക്കും.
റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കിയതോടെ തിരുവനന്തപുരം ജില്ലയിൽ മാത്രം ഒരു ദിവസം 3,29,831 രൂപ ഡീസൽ ഇനത്തിൽ ലാഭിക്കുവാൻ കഴിയുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എല്ലാ ജില്ലകളിലും ഇത് നടപ്പാക്കി കഴിഞ്ഞാൽ ഒരു ദിവസം 40 മുതൽ 50 ലക്ഷം വരെ ഡീസലിൽ ലാഭിക്കാൻ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
റൂട്ട് റാഷണലൈസേഷൻ നിർദ്ദേശം അവതരിപ്പിക്കപ്പെട്ടത് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം സെൻട്രൽ, നെയ്യാറ്റിൻകര, നെടുമങ്ങാട്, ആറ്റിങ്ങൽ എന്നീ അഞ്ചു ക്ലസ്റ്ററുകളിലായുള്ള 20 യൂണിറ്റുകളിലെ യൂണിറ്റ് ഓഫീസർമാരുമായും കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ ഓപ്പറേഷൻസ് എന്നിവരുമായും നടത്തിയ യോഗങ്ങളിലാണ്.

