ന്യൂഡൽഹി: രാഷ്ട്രീയക്കാരുടെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങളുടെ നിയമ സാധുതയെ കുറിച്ച് ചോദ്യം ഉന്നയിച്ച് സുപ്രീം കോടതി. രാഷ്ട്രീയക്കാരുടേതിന് സമാനമായ പ്രതിഷേധ പ്രകടനം സാധാരണക്കാരനായ ഒരു പൗരൻ നടത്തുകയാണെങ്കിൽ എന്തായിരിക്കും ഫലമെന്ന് കോടതി ചോദിക്കുന്നു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മറ്റ് കോൺഗ്രസ് നേതാക്കളും ഉൾപ്പെട്ട കേസിനിടെയായിരുന്നു സുപ്രിം കോടതി ഈ ചോദ്യം ഉന്നയിച്ചത്.
സാധാരണകാരനായ ഒരു പൗരനാണ് ഇത്തരമൊരു പ്രതിഷേധം നടത്തിയിരുന്നെങ്കിൽ ആ സാഹചര്യത്തിലും ക്രിമിനൽ കേസ് തള്ളിക്കളയുമോയെന്ന് കോടതി ചോദിക്കുന്നു. ജസ്റ്റിസ് പ്രശാന്ത് കുമാറാണ് ഈ ചോദ്യം ഉന്നയിച്ചത്. 2022ൽ അന്നത്തെ ബിജെപി മന്ത്രിസഭയിലെ ഗ്രാമവികസന മന്ത്രിയായിരുന്ന കെ എസ് ഈശ്വരപ്പയ്ക്കെതിരെ, ഇപ്പോഴത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യയും മറ്റ് കോൺഗ്രസ് നേതാക്കളും നടത്തിയ പ്രതിഷേധ മാർച്ചിനിടെ ഉണ്ടായ സംഘർഷം സംബന്ധിച്ച കേസിനിടെയായിരുന്നു ജസ്റ്റിസ് പ്രശാന്ത് കുമാറിന്റെ ചോദ്യം.
പ്രതിഷേധവുമായി ബന്ധപ്പെട്ട നിയമവശങ്ങൾ സൂക്ഷ്മമായി പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ പൊതുമരാമത്ത് കരാറുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങളെ തുടർന്ന് മന്ത്രിയായിരുന്ന കെ എസ് ഈശ്വരപ്പ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോൺഗ്രസ് പ്രതിഷേധം നടത്തിയത്. കർണാടക ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രിയായിരുന്ന കെഎസ് ഈശ്വരപ്പക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച ബിജെപി പാർട്ടി അംഗവും കരാറുകാരനുമായ സന്തോഷ് പാട്ടീലിനെ 2022 ഏപ്രിൽ 12 ന് ഉഡുപ്പിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

