ന്യൂഡൽഹി : സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയർത്തുന്ന കാര്യത്തിൽ കേന്ദ്രവും കേരളവും സുപ്രീംകോടതിയിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേസ് കോടതിയുടെ പരിഗണിക്കെത്തിയപ്പോൾ ശക്തമായ വാദങ്ങളാണ് കേരളം ഉന്നയിച്ചത്. കേരളത്തിന് 13600 കോടി വായ്പയെടുക്കാൻ കൂടി അനുമതി നൽകാമെന്നും ഇതിന് സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിക്കണമെന്നും ആണ് കേന്ദ്രം ആവശ്യപ്പെട്ടത്. എന്നാൽ ഹർജി പിൻവലിക്കില്ലെന്നും കേരളത്തിന് അർഹതപ്പെട്ടതാണ് ആവശ്യപ്പെടുന്നതെന്നുമുള്ള നിലപാടിലാണ് കേരളം. വിഷയവുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ഇനി കാര്യമില്ലെന്നും കേരളം സുപ്രീം കോടതിയിൽ വ്യക്തമാക്കി.
അതേസമയം ഇരുപക്ഷത്തു നിന്നും രാഷ്ട്രീയമല്ല, ഗൗരവമായ ചർച്ചകളാണ് പ്രതീക്ഷിക്കുന്നത് എന്നാണ് സുപ്രീംകോടതി അറിയിച്ചത്. കേസ് പിൻവലിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടുവെന്നും എങ്കിൽ മാത്രമേ മറ്റുകാര്യങ്ങൾ പരിഗണിക്കാൻ ആവുമെന്ന് കേന്ദ്രം പറഞ്ഞതായി കേരളം കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ കേരളം ഉന്നയിക്കുന്നത് മുഴുവൻ ശരിയല്ലെന്നാണ് കേന്ദ്രസർക്കാർ വാദിച്ചത്. കേസിൽ വാദം കേൾക്കുന്നത് മാർച്ച് 6, 7 തീയതികളിലേക്ക് മാറ്റി.
ഹർജി പിൻവലിച്ചാലേ കേന്ദ്ര വിഹിതം തരു എന്ന് പറയുന്നത് ശരിയല്ലെന്ന് കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. കേരളത്തിന് അർഹതപ്പെട്ടതും അവകാശപ്പെട്ടതുമാണ് സംസ്ഥാനം ചോദിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

