പ്രധാനമന്ത്രി ജമ്മു കശ്മീരിൽ; 32,000 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിൽ. 32,000 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം ജമ്മു കശ്മീരിൽ നിർവ്വഹിക്കും. 1,500 പേർക്കു സർക്കാർ ജോലി നൽകി കൊണ്ടുള്ള ഉത്തരവും കൈമാറും. രണ്ടാം തവണ പ്രധാനമന്ത്രിയായി അധികാരത്തിലേറിയതിന് ശേഷം ഇത് രണ്ടാം തവണയാണ് നരേന്ദ്ര മോദി കശ്മീരിലെത്തുന്നത്. 2022 ഏപ്രിലിലായിരുന്നു ആദ്യ സന്ദർശനം നടത്തിയത്.

ജമ്മു കശ്മീരിലെ ജനങ്ങളുടെ ജീവിതം സുഗമമാക്കാൻ ഉതകുന്ന പ്രധാന വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യാൻ ജമ്മുവിൽ എത്തുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐഐടികളും ഐഐഎമ്മുകളും ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങൾക്ക് സ്ഥിരം കാംപസുകൾ ലഭിക്കുന്നതിനാൽ വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ചിടത്തോളം ഇതു നാഴികക്കല്ലായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആരോഗ്യം, വിദ്യാഭ്യാസം, റോഡ്, റെയിൽ, പെട്രോളിയം ഉൾപ്പെടെയുള്ള മേഖലകളിലെ വിവിധ പദ്ധതികൾക്കാണ് ജമ്മു കശ്മീരിൽ ഇന്ന് തറക്കല്ലിടുന്നത്. കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിക്കുകയും ചെയ്യും. ‘വികസിത് ഭാരത്, വികസിത് ജമ്മു’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. മൗലാന ആസാദ് സ്റ്റേഡിയത്തിൽ രാവിലെ 11.30നാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.