ലഖ്‌നൗ: ഉത്തർപ്രദേശിൽ 15 ലോക്‌സഭാ സീറ്റുകൾ കോൺഗ്രസിന് വിട്ടുനൽകാമെന്ന് വ്യക്തമാക്കി സമാജ്‌വാദി പാർട്ടി. മറ്റുസീറ്റുകളിൽ കോൺഗ്രസ് അവകാശവാദം ഉന്നയിക്കരുതെന്ന നിബന്ധനയോടെയാണ് പാർട്ടി ഇക്കാര്യം അറിയിച്ചത്. ഇക്കാര്യം അംഗീകരിച്ചാൽ മാത്രം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കാമെന്ന് പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് വ്യക്തമാക്കിയെന്നാണ് വിവരം.
ലോക്‌സഭാ സീറ്റുകളുമായി ബന്ധപ്പെട്ട് ഇതിനോടകം പലതവണ ചർച്ചകൾ നടന്നു കഴിഞ്ഞു. പല പട്ടികകളും കൈമാറി. സീറ്റ് വിഭജനത്തിന്റെ കാര്യത്തിൽ തീരുമാനമായശേഷം ന്യായ് യാത്രയിൽ സമാജ്‌വാദി പാർട്ടി പങ്കെടുക്കും. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമേഠി, റായ്ബറേലി സീറ്റുകളടക്കം കോൺഗ്രസിന് നൽകിയിരുന്നു. എന്നാൽ, റായ്ബറേലിയിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്.
2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ശക്തമായ പ്രതിരോധം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ പ്രതിപക്ഷകക്ഷികൾ കോൺഗ്രസുമായി ചേർന്ന് ‘ഇന്ത്യ’ സഖ്യം രൂപവത്കരിച്ചത്. എന്നാൽ സീറ്റുവിഭജനം സംബന്ധിച്ച വിഷയങ്ങളിൽ സഖ്യകക്ഷികൾക്കിടയിൽ ഇതുവരെ ധാരണയുണ്ടായിട്ടില്ല.

