കുടിശ്ശിക അടച്ചില്ല; എറണാകുളം കളക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി

കൊച്ചി: എറണാകുളം കളക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി. കുടിശ്ശിക അടയ്ക്കാത്തതിനെ തുടർന്നാണ് കെഎസ്ഇബി കളക്ടറേറ്റിലെ ഫ്യൂസ് ഊരിയത്. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ കഴിഞ്ഞ അഞ്ചുമാസമായി കളക്ടറേറ്റിലെ പല വകുപ്പുകളും വൈദ്യുതി ബില്ല് അടച്ചിട്ടില്ലെന്നാണ് സൂചന.

വിദ്യാഭ്യാസ വകുപ്പിന്റേത് ഉൾപ്പെടെ കളക്ടറേറ്റിലെ മുപ്പതോളം ഓഫീസുകൾ വൈദ്യുതിയില്ലാതെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഫാനോ ലൈറ്റോ ഈ ഓഫീസുകളിൽ പ്രവർത്തിക്കുന്നില്ല. മൊബൈൽ ഫോണിന്റെ ഫ്‌ളാഷ് ലൈറ്റ് ഓണാക്കിയശേഷം ജോലി ചെയ്യുന്ന ജീവനക്കാരെയും ഇവിടെ കാണാം.

ചൊവ്വാഴ്ച രാവിലെ ഓഫീസുകളിൽ ജീവനക്കാർ എത്തിയതോടെയാണ് ഫ്യൂസ് ഊരിയതായി മനസ്സിലാകുന്നത്. ഫ്യൂസ് ഊരുന്നത് സംബന്ധിച്ച് നേരത്തെ തന്നെ കെഎസ്ഇബി നോട്ടീസ് നൽകിയിരുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം, കാര്യങ്ങൾ പരിശോധിക്കുകയാണെന്നാണ് കളക്ടർ വ്യക്തമാക്കിയത്.