വയനാട്: വന്യമൃഗ ശല്യം ചർച്ച ചെയ്യാൻ വിളിച്ച തദ്ദേശ ജനപ്രതിനിധികളുടെ യോഗത്തിൽ തദ്ദേശ മന്ത്രി എം ബി രാജേഷ് നൽകിയ നിർദ്ദേശം വിവാദത്തിൽ. വനാതിർത്തി പ്രദേശങ്ങളിൽ കന്നുകാലികളെ വിതരണം ചെയ്യുന്നത് കുറക്കണമെന്നാണ് മന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടത്. ഇതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.
വളർത്തു മൃഗങ്ങളെ കടുവയും പുലിയും കൊല്ലുന്നത് പതിവാണെന്ന് പറഞ്ഞപ്പോഴാണ് മന്ത്രി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ഇതോടെ യോഗത്തിൽ നിന്ന് യുഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ കന്നുകാലി വിതരണം കുറയ്ക്കൂവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും യൂത്ത് കോൺഗ്രസ് നേതാവുമായ സംഷാദ് മരക്കാർ മന്ത്രിക്ക് മറുപടി നൽകുകയും ചെയ്തിരുന്നു.
വയനാട്ടിലെ വന്യജീവി ശല്യം പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യാൻ വേണ്ടിയാണ് മന്ത്രിമാരുടെ നേതൃത്വത്തിൽ തദ്ദേശ ജനപ്രതിനിധികളുടെ യോഗം ചേർന്നത്. വനം, റവന്യു, തദ്ദേശ മന്ത്രിമാരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. രണ്ട് തരത്തിലുള്ള പരിഹാര നിർദ്ദേശങ്ങളാണ് യോഗത്തിൽ തീരുമാനിച്ചത്. ചികിത്സ സഹായം, ജനകീയ സമിതി രൂപീകരണം, പട്രോളിംഗ് സ്‌ക്വാഡുകൾ തുടങ്ങിയ കാര്യങ്ങളിലാണ് നിർദ്ദേശങ്ങളും തീരുമാനങ്ങളും ഉണ്ടായത്.
അതേസമയം, വന്യജീവി ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവർക്ക് സ്വകാര്യ ആശുപത്രിയിലടക്കം ചികിത്സയ്ക്ക് ചെലവാകുന്ന തുക സംസ്ഥാനം വഹിക്കുമെന്ന് മന്ത്രിമാർ ഉറപ്പുനൽകിയിട്ടുണ്ട്. വന്യജീവികളുടെ ആക്രമണം തടയുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെടുന്ന ജനകീയ സമിതി രൂപീകരിക്കാനും തീരുമാനിച്ചു.

