രാജ്യത്തെ ഏറ്റവും മികച്ച തൊഴിൽ സാഹചര്യം കേരളത്തിൽ; സംരംഭകർക്ക് പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച തൊഴിൽ സാഹചര്യം കേരളത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് പുതിയ സംരംഭകർക്ക് പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആധുനിക സംവിധാനങ്ങൾ ഒരുക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.തിരുവനന്തപുരം ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന യുവജനങ്ങളുമായാണ് മുഖ്യമന്ത്രി സംവദിച്ചത്.

നാട് നേരിടുന്ന പ്രശ്നങ്ങൾ അതിജീവിക്കാനാകണം. ഇതിനായി യുവജനങ്ങൾ മുന്നിട്ടിറങ്ങണം. പാർലമെന്ററി ചരിത്രത്തിലെ പുതിയ ഏടായിരുന്നു നവകേരള സദസ്. ആദ്യ യോഗത്തിൽ വിദ്യാഭ്യാസ മേഖലക്കൊപ്പം പൊതുവായി കേരളം എങ്ങനെ ഉയർന്നുവരണം എന്നതിനെക്കുറിച്ച് ഒട്ടേറെ നിർദ്ദേശങ്ങൾ ഉയർന്നുവന്നു. ഇന്ന് നമ്മൾ നേരിടുന്ന പ്രശ്നങ്ങളെ ഏത് രീതിയിൽ അതിജീവിക്കണം എന്നതിനെ കുറച്ച് ധാരണയുള്ളവരായിരിക്കണം യുവജനങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നമ്മുടെ യുവജനങ്ങൾ ചരിത്രത്തെ മാറ്റിമറിക്കാൻ കഴിവുള്ളവരാണ്. നമ്മുടെ സാമൂഹ്യ അന്തരീക്ഷം തകരാതെ സംരക്ഷിക്കേണ്ടതുണ്ട്. അത് തകർന്നാൽ ഒന്നും നേടാൻ ആകില്ല എന്ന തിരിച്ചറിവുണ്ടാകണം. മതനിരപേക്ഷ ഒരുമ ഏറ്റെടുക്കാൻ യുവജനങ്ങൾക്കാകണം. കേരളത്തിലെ സ്റ്റാർട്ടപ്പുകളും പരമ്പരാഗത മേഖലയും തമ്മിൽ ബന്ധിപ്പിക്കുന്ന സാഹചര്യം വളർത്തിയെടുക്കണം എന്നതാണ് ലക്ഷ്യം. സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിനു വേണ്ടിയുള്ള എല്ലാ പിന്തുണയും സർക്കാർ നൽകും. ഒരു വിഭാഗത്തെയും കൈവിടില്ല എന്നതാണ് പൊതുവായ സമീപനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.