കൊച്ചി: ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി. വിചാരണ കോടതി വിധി ശരിവച്ചുകൊണ്ട് തങ്ങളെ വെറുതെ വിടണമെന്ന പ്രതികളുടെ അപ്പീൽ ഹൈക്കോടതി തള്ളി. പ്രതികളായിരുന്ന കെ കെ കൃഷ്ണനെയും ജ്യോതി ബാബുവിനെയും വെറുതെവിട്ട വിധി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളും പി മോഹനനൻ അടക്കം പ്രതികളെ വെറുതെവിട്ടത് ചോദ്യം ചെയ്ത് കെകെ രമ എംഎൽഎയും പ്രതികളുടെ ശിക്ഷ കൂട്ടണമെന്ന സർക്കാരും സമർപ്പിച്ച അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്.
കൃഷ്ണനെയും ജ്യോതിബാബുവിനെയും വെറുതെവിട്ടത് തെളിവുകളുടെ അഭാവത്തിലാണ് ഇരുവരും ഈ മാസം ഇരുപത്തിയാറിന് ഹാജരാകണമെന്നാണ് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദേശം. ഇവർക്കുള്ള ശിക്ഷ അന്ന് വിധിക്കും. സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തനെ ശിക്ഷിച്ച നടപടിയും ഹൈക്കോടതി ശരിവച്ചു.
ടി പി വധക്കേസിൽ ശിക്ഷ അനുഭവിക്കവെ 2020 ജൂണിൽ കുഞ്ഞനന്തൻ മരണപ്പെട്ടിരുന്നു. അതേസമയം സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ വെറുതെവിട്ട നടപടി കോടതി ശരിവച്ചു.
കോടതി വിധിയിൽ പ്രതികരണവുമായി ടി പി ചന്ദ്രശേഖരന്റെ ഭാര്യയും എം എൽ എയുമായ കെ കെ രമ രംഗത്തെത്തി. ഏറ്റവും നല്ല വിധിയാണിതെന്ന് കെ കെ രമ പറഞ്ഞു. രണ്ട് പ്രതികളെക്കൂടി ശിക്ഷിക്കുമെന്ന കോടതി വിധി ആശ്വാസകരം. സി പി എമ്മിന്റെ പങ്ക് കൂടുതൽ വെളിപ്പെട്ടു. പി മോഹനനെ വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകുമെന്നും കെ കെ രമ അറിയിച്ചു.

