ന്യൂഡൽഹി: ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടീസ് ആറാംതവണയും തള്ളി ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കേജ്രിവാൾ. ഡൽഹി സർക്കാരിന്റെ മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് ഇഡി കെജ്രിവാളിന് നോട്ടീസ് അയച്ചത്. ഇക്കാര്യം കോടതിയുടെ പരിഗണനയിലാണെന്നും ഇഡി നോട്ടീസ് അയച്ചിരിക്കുന്നത് നിയമവിരുദ്ധമായിട്ടാണെന്നും ആംആദ്മി പാർട്ടി അറിയിച്ചു.
വിഷയത്തിൽ ഇഡി തന്നെ നേരിട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്. ആവർത്തിച്ച് നോട്ടിസ് അയയ്ക്കുന്നതിനു പകരം കോടതി തീരുമാനം വരുന്നതു വരെ കാത്തിരിക്കാൻ ഇഡി തയാറാകണമെന്ന് ആംആദ്മി പാർട്ടി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. അതേസമയം, ഡൽഹി മദ്യനയ അഴിമതിക്കേസിൽ നിലവിൽ അരവിന്ദ് കേജ്രിവാൾ കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട് എഎപിയുടെ മുതിർന്ന നേതാക്കളായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭാ എംപി സഞ്ജയ് സിങ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

