പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധി; യുജിസി ചട്ടം തെറ്റായി വ്യാഖ്യാനിച്ചതായി തോന്നുന്നുവെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: കണ്ണൂർ സർവ്വകലാശാല അസ്സോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിയിൽ യുജിസി ചട്ടം തെറ്റായി വ്യാഖ്യാനിച്ചതായി തോന്നുന്നുവെന്ന് സുപ്രീം കോടതി. ഹർജി പരിഗണിച്ച ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സഞ്ജയ് കരോളാണ് ഇതുസംബന്ധിച്ച നിരീക്ഷണം നടത്തിയത്. യുജിസി ചട്ടത്തിലെ 3 (11) വകുപ്പ് തെറ്റായി വ്യാഖ്യാനിച്ചാണ് ഹൈക്കോടതി ഉത്തരവിറക്കിയത് എന്നാണ് അദ്ദേഹം വാക്കാൽ പരാമർശിച്ചത്.

ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. എന്നാൽ ഇതിന് വിശദമായ മറുപടി സമർപ്പിക്കാനുണ്ടെന്ന് പ്രിയ വർഗീസിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ നിധീഷ് ഗുപ്ത, അഭിഭാഷകരായ കെആർ സുഭാഷ് ചന്ദ്രൻ, ബിജു പി രാമൻ എന്നിവർ കോടതിയിൽ വ്യക്തമാക്കി.

സുപ്രീം കോടതി ഹർജി പരിഗണനയ്ക്ക് എടുത്തപ്പോൾ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ സമയം വേണമെന്ന് യുജിസി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിച്ച് രണ്ടാഴ്ചത്തെ സമയം മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ യുജിസിക്ക് കോടതി അനുവദിച്ചു. അതിന് മറുപടി നൽകാൻ രണ്ടാഴ്ചത്തെ സമയം പ്രിയ വർഗീസിനും നൽകിയിട്ടുണ്ട്. യുജിസിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജാണ് ഹാജരായത്. സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാൻഡിങ് കോൺസൽ സി കെ ശശി എന്നിവരും ഹാജരായി.