ടിപി വധക്കേസിൽ സിപിഎമ്മിന് ഒരു പങ്കുമില്ല; പ്രതികൾക്ക് ഇനിയും അപ്പീൽ നൽകാനുള്ള അവസരവുമുണ്ടെന്ന് ഇ പി ജയരാജൻ

കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ടിപി ചന്ദ്രശേഖരൻ വധക്കേസിൽ സിപിഐഎമ്മിന് ഒരു പങ്കുമില്ലെന്നും അത് അന്നും ഇന്നും ആവർത്തിച്ച് പറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

സിപിഎമ്മിനെയും നേതാക്കളേയും പ്രവർത്തകരേയും അനുഭാവികളേയും വേട്ടയാടാനാണ് സംഭവം നടന്ന അന്ന് മുതൽ എതിരാളികൾ ശ്രമിച്ചത്. നിരപരാധികളായ പലരേയും വേട്ടയാടി. അതിപ്പോഴും തുടരുന്നുവെന്ന് മാത്രം. ഒരു കേസിൽ ശിക്ഷിക്കപ്പെട്ടാൽ ഏതൊരു പ്രതിക്കും സ്വന്തം നിരപരാധിത്വം തെളിയിക്കാൻ അവസരമുണ്ട്. അതിന് അപ്പീൽ നൽകുന്നതും കോടതികളുടെ തുടർ വിധികൾ ഉണ്ടാകുന്നതും സ്വാഭാവിക നടപടികളുമാണ്. ഈ കേസിൽ തന്നെ പ്രതികൾക്ക് ഇനിയും അപ്പീൽ നൽകാനുള്ള അവസരവുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോടതി ശിക്ഷിച്ചുവെന്നത് കൊണ്ടുമാത്രം ഒരാൾ കുറ്റവാളിയാകണമെന്നില്ല എന്നതിന് നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുന്നിലുണ്ട്. ഉദാഹരണമായി ഗുരുവായൂരിൽ ഒരു ആർഎസ്എസുകാരൻ കൊല്ലപ്പെട്ട കേസിലെ ശിക്ഷാവിധി നോക്കിയാൽ മതിയാകും. അഞ്ച് സിപിഎം പ്രവർത്തകരെയാണ് അന്ന് ശിക്ഷിച്ച് ജയിയിലിടച്ചത്. വർഷങ്ങൾക്ക് ശേഷം മറ്റൊരു കേസിന്റെ അന്വേഷണത്തിനിടെ ഒരു പ്രതിയിൽ നിന്നും കിട്ടിയ വിവരങ്ങൾ അനുസരിച്ച് ശിക്ഷിക്കപ്പെട്ട അഞ്ച് സിപിഎം പ്രവർത്തകർ നിരപരാധികളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് മനസ്സിലായി. ആ പ്രതി അന്ന് കുറ്റം സമ്മതിക്കുകയായിരുന്നു. ആ വിവരം കോടതിക്ക് മുമ്പാകെ റിപ്പോർട്ടായി സമർപ്പിക്കുകയും ചെയ്തു. ഒരു തീവ്രവാദ സംഘടന കൊലപാതകം നടത്തുകയും അത് സിപിഎം പ്രവർത്തകരുടെ തലയിൽ കെട്ടിവെക്കുകയുമായിരുന്നുവെന്ന് പിന്നീട് ശാസ്ത്രീയ അന്വേഷണത്തിൽ വ്യക്തമായി. ഒടുവിൽ കോടതി സിപിഎം പ്രവർത്തകരെ നിരുപാധികം ജയിലിൽ നിന്ന് മോചിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

ഇതൊരു ഉദാഹരണമായി പറയുന്നുവെന്ന് മാത്രം. ഈ കേസിൽ തന്നെ ശിക്ഷിക്കപ്പെട്ട സിപിഎം പാനൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്ന അന്തരിച്ച പി കെ കുഞ്ഞന്തൻ. ഒരു ഉറുമ്പിനെ പോലും നോവിക്കാൻ ശ്രമിക്കാത്ത ലോലഹൃദയത്തിന്റെ ഉടമയായിരുന്നു. എന്നിട്ടും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ പ്രതിയാക്കി. ഇങ്ങനെ ഈ കേസിൽ ഉൾപ്പെട്ടവരിൽ പലരും നിരപരാധികളാണ്. അവർക്ക് അവരുടെ നിരപരാധിത്വം തെളിയിക്കാൻ ഇനിയും അവസരമുണ്ട്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ വിചാരണക്കോടതി വെറുതെ വിട്ടത് റദ്ദാക്കണമെന്ന് കാണിച്ച് ചന്ദ്രശേഖരന്റെ ഭാര്യ രമ നൽകിയ ഹർജി തള്ളിയതും സിപിഎം ഗൂഢാലോചന എന്ന വാദം പൊളിക്കുന്നതാണെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.