കൊച്ചി: മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച സമൻസിന് മറുപടി നൽകാമെന്ന് വ്യക്തമാക്കി കിഫ്ബി. ഡിജിഎം അജോഷ് ഇഡിയ്ക്ക് മുന്നിൽ ഹാജരാകുകയും കണക്കുകളിൽ വിശദീകരണം നൽകുകയും ചെയ്യുമെന്ന് കിഫ്ബി അറിയിച്ചു.
ഈ മാസം 26, 27 തീയതികളിൽ കിഫ്ബി ഉദ്യോഗസ്ഥർ ഹാജരാകണമെന്നാണ് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദേശം. അതേസമയം, ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ തോമസ് ഐസക്കിനെ ചോദ്യം ചെയ്യണമെന്ന് ഇഡി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്. എല്ലാ കാര്യങ്ങളും അറിയുന്നയാളാണ് തോമസ് ഐസക്കെന്നും കേസിൽ അറസ്റ്റ് ചെയ്യില്ലെന്നും ഹാജരാകണമെന്നും എൻഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടു.
എന്നാൽ, ഇഡിക്ക് മുന്നിൽ ഹാജരാകില്ലെന്നാണ് തോമസ് ഐസക്ക് വ്യക്തമാക്കിയിരിക്കുന്നത്. ഇഡി സമൻസ് നിയമവിരുദ്ധമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. എല്ലാവിവരങ്ങളും കിഫ്ബിയുടെ പക്കലുണ്ടെന്നും അദ്ദേഹം അറിയിച്ചു.
തോമസ് ഐസക്കിന്റെ ഹർജി കോടതി മാർച്ച് എട്ടിന് പരിഗണിക്കും. മസാല ബോണ്ട് പുറപ്പെടുവിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനായ കിഫ്ബി ഡയറക്ടർ ബോർഡ് തീരുമാനപ്രകാരമാണെന്ന് തോമസ് നേരത്തെ ഇ ഡിയെ അറിയിച്ചിരുന്നു. ധനമന്ത്രിയായിരുന്നപ്പോൾ ബോർഡ് അംഗമെന്ന നിലയിൽ മാത്രമേ കിഫ്ബിയുമായി ബന്ധമുണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

