മാനന്തവാടി: വയനാട്ടിൽ കാട്ടാന ചവിട്ടിക്കൊന്ന അജീഷിന്റെ വീട് സന്ദർശിച്ച് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. ഇന്ന് രാവിലെയാണ് അദ്ദേഹം അജീഷിന്റെ വീട്ടിലെത്തിയത്. അജീഷിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ച രാഹുൽഗാന്ധി അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. കുടുംബത്തിനു എല്ലാ പിന്തുണയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആനയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കർണാടക സർക്കാരുമായി ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
അജിയുടെ അച്ഛൻ ജോസഫ്, അമ്മ എൽസി, ഭാര്യ ഷീബ, മകൾ അൽന മറ്റു കുടുംബാംഗങ്ങൾ എന്നിവരുമായി സംസാരിച്ചു. അജിയുടെ മക്കൾ ധൈര്യശാലികളാണ്. അതിജീവിക്കാനുള്ള കരുത്ത് അവർക്കുണ്ടാകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നിങ്ങൾക്കൊപ്പം താനുണ്ടെന്നും എന്താവശ്യത്തിനും തന്നെ വിളിക്കാമെന്നും അജിയുടെ ഒൻപതു വയസുകാരനായ മകൻ അലനെ ചേർത്തുനിർത്തി രാഹുൽഗാന്ധി അറിയിച്ചു.
അതേസമയം, വന്യജീവി പ്രശ്‌നങ്ങളിൽ അയൽ സംസ്ഥാനങ്ങളുമായി കൂടി സഹകരിച്ച് പരിഹാര മാർഗങ്ങൾ തേടാമെന്നും രാഹുൽ വിശദമാക്കി. വയനാട്ടിൽ സൗകര്യങ്ങളോട് കൂടിയ മെഡിക്കൽ കോളേജെന്ന ആവശ്യം ഗൗരവകരമാണ്. സ്ഥിതി ഗുരുതരമായ സാഹചര്യത്തിലാണ് താൻ വന്നതെന്നും അതിൽ രാഷ്ട്രീയമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. വന്യജീവി പ്രശ്‌നത്തിൽ സംസ്ഥാന സർക്കാർ കാര്യക്ഷമമായി ഇടപെട്ടിട്ടില്ല. സർക്കാരിന്റെ ഇടപെടൽ കാര്യക്ഷമമല്ലാതെ പോയതിനാലാണ് തനിക്ക് ഇവിടെ വരേണ്ടി വന്നത്. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം വൈകരുത്. നഷ്ടപരിഹാര തുകയിൽ കാലതാമസം വരുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

