ന്യൂഡൽഹി: ബിജെപി പ്രവർത്തകർക്ക് നിർദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നൂറ് ദിവസം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും ഇറങ്ങിച്ചെന്നുള്ള പ്രചാരണം നടത്തണമെന്ന് പ്രധാനമന്ത്രി പ്രവർത്തകരോട് ആവശ്യപ്പെട്ടു. ബിജെപി ദേശീയ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 370 സീറ്റ് നേടും. 400 സീറ്റുകൾ എന്ന ലക്ഷ്യത്തോടെ വേണം പ്രവർത്തകർ പ്രവർത്തിക്കേണ്ടത്. അടുത്ത 100 ദിവസം പുതിയ ഊർജ്ജത്തോടെയും ആവേശത്തോടെയും പ്രവർത്തിക്കണം. പുതിയ ഓരോ വോട്ടർമാരിലേക്കും എത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഓരോ പദ്ധതി ഗുണഭോക്താക്കളിലേക്കും ജനങ്ങളിലേക്കും എത്തണം. പാർശ്വവൽക്കരിക്കപ്പെട്ട എല്ലാ വിഭാഗങ്ങൾക്കുമായി സർക്കാർ പ്രവർത്തിച്ചു. രാഷ്ട്രീയത്തിന് വേണ്ടിയല്ല രാജ്യത്തിനായാണ് ബിജെപി പ്രവർത്തിക്കുന്നത്. നിരവധി പ്രവർത്തനങ്ങൾ സർക്കാർ സ്ത്രീകളുടെ ശക്തികരണത്തിനായി നടത്തി. രാജ്യത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറഞ്ഞു. കേവലം കള്ളം പറയുന്നതിനപ്പുറം പ്രതിപക്ഷത്തിന് ഒന്നും പറയാനില്ല. പ്രതിപക്ഷത്തെപ്പോലെ വ്യാജ വാഗ്ദാനങ്ങൾ താൻ നൽകാറില്ല. ദശാബ്ദങ്ങളോളം സാധ്യമാകാതിരുന്നത് പൂർത്തീകരിക്കാൻ സർക്കാരിനായി. രാമക്ഷേത്രത്തിലൂടെ 50 വർഷത്തെ കാത്തിരിപ്പാണ് അവസാനിച്ചത്. കോൺഗ്രസ് അസ്ഥിരതയുടെ പ്രതീകമാണ്. കോൺഗ്രസിന് ഭാവിയെ കുറിച്ച് ഒരു പദ്ധതിയുമില്ല. കോൺഗ്രസിന്റേത് പ്രീണന രാഷ്ട്രീയമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

