വയനാട്: നാളെ വയനാട് സന്ദർശിക്കാനൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട് അദ്ദേഹം സന്ദർശിക്കും. നേരത്തെ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഗവർണർ വയനാട് സന്ദർശനം മാറ്റിവെച്ചിരുന്നു. ഇതാണ് നാളെ നടത്തുന്നത്.
ഗവർണർക്കായി ഒരുക്കിയിരിക്കുന്നത് ബംഗളൂരുവിൽ നിന്നുള്ള സിആർപിഎഫിന്റെ പ്രത്യേക വിഐപി സുരക്ഷയാണ്. ഗവർണർക്കൊപ്പം 41 സുരക്ഷാ ഉദ്യോഗസ്ഥരാകും ഡ്യൂട്ടിയിലുണ്ടാകും. ഇന്ന് വൈകുന്നേരത്തോടെ കണ്ണൂരിലെത്തുന്ന ഗവർണർ നാളെ രാവിലെയാണ് വയനാട്ടിലേക്ക് പോകുന്നത്.
അതേസമയം, വന്യജീവി ആക്രമണങ്ങളെ വകുപ്പ് മന്ത്രി നിസാരവത്കരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. ഇതിനിടെയാണ് ഗവർണർ വയനാട്ടിലേക്ക് എത്തുന്നത്. വന്യജീവി ആക്രണങ്ങളെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾ സ്വാഭാവികമെന്നായിരുന്നു വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കിയത്. പ്രശ്‌നം പരിഹരിക്കാനായി വയനാട്ടിലേക്ക് പോകണമെന്നില്ലെന്നും ജനക്കൂട്ടത്തോടല്ല മറിച്ച് ഉത്തരവാദിത്തപ്പെട്ടവരോടാണ് സംസാരിക്കേണ്ടതെന്നും എ കെ ശശീന്ദ്രൻ പറഞ്ഞിരുന്നു.

