തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബിന്ദുവിനെ ഗവർണർ ക്രിമിനലെന്ന് വിശേഷിപ്പിച്ചു. ക്രിമിനലുകളോട് മറുപടി പറയാൻ താൻ ഇല്ലെന്നായിരുന്നു ഗവർണർ നടത്തിയ പരാമർശം.
മന്ത്രിക്ക് സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ അധികാരമില്ലെന്നും ഗവർണർ അഭിപ്രായപ്പെട്ടു. കേരള സർവകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ നിയമാവകാശം ഉണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു പറഞ്ഞിരുന്നു. ഇതിനോടായിരുന്നു ഗവർണറുടെ പ്രതികരണം. ചട്ടലംഘനത്തെ നിയമപരമായി നേരിടുമെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഇകഴ്ത്താനുള്ള ശ്രമം നടക്കുകയാണെന്നും കേരള സർവ്വകലാശാല സെനറ്റ് യോഗം നടന്നത് നിയമപരമായാണെന്നുമാണ് ആർ ബിന്ദു പറഞ്ഞത്. താൻ നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ഗവർണർക്ക് കോടതിയിൽ പോകാമല്ലോ. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർദ്ധനവിനുള്ള പരിശ്രമങ്ങളിൽ സർക്കാരിന് ഒപ്പം നിൽക്കേണ്ട വ്യക്തിയാണ് ചാൻസലർ. എന്നാൽ അതിനെതിരായി നിൽക്കുന്ന സമീപനമാണ് ചാൻസലറായ ഗവർണർ സ്വീകരിക്കുന്നത്. പൊതുവിൽ കേരളത്തിന്റെ നേട്ടങ്ങളെ ഇകഴ്ത്തി കാട്ടാനാണ് ഗവർണർ ശ്രമിക്കുന്നത്. ഇത് നിർഭാഗ്യകരമാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

