പ്രതിഷേധങ്ങളിൽ എസ്എഫ്‌ഐ- പിഎഫ്‌ഐ കൂട്ടുകെട്ട്; ആരോപണവുമായി ഗവർണർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളിലാണ് ഗവർണർ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചത്. തനിക്കെതിരായ പ്രതിഷേധങ്ങളിൽ എസ്എഫ്‌ഐ- പിഎഫ്‌ഐ കൂട്ടുകെട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ ഉപയോഗിച്ച് തന്നെ നേരിടുകയാണെന്ന ആരോപണവും ഗവർണർ സർക്കാരിനെതിരെ ഉന്നയിച്ചു.

എസ്എഫ്‌ഐ മാത്രമല്ല തനിക്കെതിരെ പ്രതിഷേധിക്കുന്നത്. എസ്എഫ്‌ഐയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും ചേർന്നാണ് തനിക്കെതിരെ പ്രതിഷേധിക്കുന്നത്. പ്രതിഷേധത്തിൽ എസ്എഫ്‌ഐയും-പിഎഫ്‌ഐയും തമ്മിൽ സഖ്യം ചേർന്നിരിക്കുകയാണ്. നിലമേലിൽ അറസ്റ്റ് ചെയ്തവരിൽ ഏഴുപേർ പിഎഫ്‌ഐ പ്രവർത്തകരാണ്. തനിക്ക് ഇത് സംബന്ധിച്ച് റിപ്പോർട്ട് കിട്ടിയെന്നും ഗവർണർ ചൂണ്ടിക്കാട്ടി.

പ്രൊ ചാൻസർലർക്ക് സെനറ്റ് യോഗത്തിലേക്ക് പോകാൻ അധികാരമില്ല. യൂണിവേഴ്സിറ്റി നടപടികളിൽ പ്രൊ ചാൻസലർ ഇടപെടരുതെന്ന് കോടതി വിധിയുണ്ട്. മിനിമം മരാദ്യ പോലും അവർ കാണിച്ചില്ല. കോടതിയോട് അവർക്ക് ബഹുമാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.