താൻ ഒരുഘട്ടത്തിൽ വിഷാദത്തിലൂടെ കടന്നുപോയിരുന്നു; വെളിപ്പെടുത്തലുമായി രാഷ്ട്രപതി

ന്യൂഡൽഹി: താൻ ഒരുഘട്ടത്തിൽ വിഷാദത്തിലൂടെ കടന്നുപോയിരുന്നുവെന്ന് വ്യക്തമാക്കി രാഷ്ട്രപതി ദ്രൗപതി മുർമു. ഓൾ ഇന്ത്യ റേഡിയോയ്ക്കു നൽകിയ അഭിമുഖത്തിലാണ് രാഷ്ട്രപതി ഇക്കാര്യം അറിയിച്ചത്. ഭർത്താവിന്റെയും രണ്ടു മക്കളുടെയും വിയോഗത്തെ കുറിച്ചും ജീവിതത്തിൽ താൻ കടന്നുപോയ അവസ്ഥയെ കുറിച്ചും രാഷ്ട്രപതി വിശദീകരിച്ചു.

താൻ ഒരുഘട്ടത്തിൽ വിഷാദത്തിലൂടെ കടന്നുപോയിരുന്നു. ആ സമയം, ചിലർ യോഗ നിർദേശിച്ചിരുന്നു. മാനസികാരോഗ്യം മെച്ചപ്പെടുത്താൻ മെഡിറ്റേറ്റ് ചെയ്തു തുടങ്ങിയിരുന്നു. മനസ്സ് അലസമായിരിക്കുമ്പോഴാണ് നെഗറ്റിവിറ്റി കീഴടക്കുന്നത്. നെഗറ്റിവിറ്റിയിൽ നിന്നു വിട്ടുനിൽക്കാൻ ജോലിസ്ഥലത്ത് സമയം ചെലവഴിക്കുന്നത് ഗുണംചെയ്യുമെന്നാണ് വ്യക്തിപരമായി തോന്നുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.

ദ്രൗപദി മുർമുവിന്റെ ഒരു മകൻ 2009-ൽ മരണപ്പെട്ടു. മൂന്നുവർഷങ്ങൾക്ക് ശേഷം മറ്റൊരു മകൻ അപകടത്തിലും മരിച്ചു. പിന്നീട് 2014-ൽ ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.. ജീവിതത്തിൽ തുടർച്ചയായുണ്ടായ ഈ അത്യാഹിതങ്ങളാണ് ദ്രൗപദി മുർമുവിനെ വിഷാദത്തിലേക്ക് എത്തിച്ചത്.

തന്റെ മുത്തശ്ശിയെ കുറിച്ചു രാഷ്ട്രപതി വാചാലയായി. പഠനത്തിന്റെ പ്രാധാന്യത്തേക്കുറിച്ച് തനിക്ക് ബോധ്യപ്പെടുത്തി നൽകിയത് മുത്തശ്ശിയാണ്. അതാണ് നേട്ടങ്ങൾ കീഴടക്കാൻ തനിക്ക് തുണയായത്. ഗ്രാമത്തിൽ ജനിച്ചുവളർന്ന താൻ ഒരിക്കലും പ്രസിഡന്റ് ആകുമെന്ന് കരുതിയിരുന്നില്ലെന്നും രാഷ്ട്രപതി അറിയിച്ചു.