ആറ്റുകാല്‍ പൊങ്കാല: ഒരുക്കങ്ങള്‍ തൃപ്തികരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം ചേർന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സർക്കാർ വകുപ്പുകൾ നടത്തിയ ഒരുക്കങ്ങൾ തൃപ്തികരമാണെണെന്ന് യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു. വകുപ്പുകളുടെ പ്രവർത്തനങ്ങൾ ശുഭപ്രതീക്ഷ നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരും ഭംഗിയായി കാര്യങ്ങൾ നിർവഹിക്കുന്നുണ്ട്. ഐശ്വര്യപ്രദമായ ഉത്സവകാലം ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവിധ വകുപ്പുകൾ നടത്തിയ തയ്യാറെടുപ്പുകൾ അതത് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു. അതേസമയം, കനത്ത ചൂടിനെ നേരിടാൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

പൊങ്കാലയ്ക്ക് എത്തുന്നവർക്കായി വിവിധയിടങ്ങളിൽ കുടിവെള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ചൂടിനെ നേരിടാൻ ഭക്തരും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. പൊങ്കാലയോടനുബന്ധിച്ച് വിവിധ വകുപ്പുകൾ നടത്തിയ മുന്നൊരുക്കങ്ങൾ മികച്ചതാണെന്ന് മുഖ്യമന്ത്രി യോഗത്തിൽ അഭിപ്രായപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിമാരായ ജി ആർ അനിൽ, ആന്റണി രാജു എംഎൽഎ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, സബ് കളക്ടർ അശ്വതി ശ്രീനിവാസ്, സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു ചകിലം, വിവിധ വാർഡ് കൗൺസിലർമാർ, ആറ്റുകാൽ ട്രസ്റ്റ് ഭാരവാഹികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും അവലോകന യോഗത്തിൽ പങ്കെടുത്തു.