എസ്എഫ്ഐഒ അന്വേഷണം നിയമപരം; അന്വേഷണത്തിന് നിയമപരമായ തടസമില്ലെന്ന് കോടതി

ബംഗളൂരു: എക്സാലോജിക്കിനെതിരെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) നടത്തുന്ന അന്വേഷണം നിയമപരമാണെന്ന് വ്യക്തമാക്കി കർണാടക ഹൈക്കോടതി. ജസ്റ്റിസ് എം നാഗപ്രസന്നയാണ് ഇക്കാര്യം അറിയിച്ചത്. 46 പേജുള്ള വിധിപ്രസ്താവത്തിലാണ് കോടതി ഇതുസംബന്ധിച്ച പരാമർശം നടത്തിയത്.

വസ്തുതകൾ കണ്ടെത്താൻ എസ്എഫ്‌ഐഒ അന്വേഷണം ആവശ്യമാണ്. അന്വേഷണത്തിന് എസ്എഫ്ഐഒയ്ക്ക് നിയമപരമായ ഒരു തടസവും ഇല്ല. അന്വേഷണം തടസപ്പെടുത്താനോ റദ്ദാക്കാനോ കഴിയില്ല. വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം അന്വേഷണം എസ്എഫ്ഐഒയെ ഏൽപ്പിച്ചിരിക്കുന്നത്. ഇതിൽ ഒരു തെറ്റുമില്ലെന്നും കോടതി അറിയിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾ സമ്പദ് രംഗത്തിന് ഭീഷണിയാണെന്നും കോടതി കൂട്ടിച്ചേർത്തു. എക്‌സലോജിക് കമ്പനിക്കെതിരെയുള്ള എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കമ്പനി ഡയറക്ടറും മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ ടി വീണ നൽകിയ ഹർജി കഴിഞ്ഞ ദിവസമാണ് കർണാടക ഹൈക്കോടതി തള്ളിയത്. ഈ വിധിയുടെ വിശദാംശങ്ങളാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്.

ജനുവരി 31നു അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യമാണ് കർണാടക ഹൈക്കോടതി നിരസിച്ചത്. അന്വേഷണം സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന വാദം കോടതി അംഗീകരിച്ചില്ല.