സിപിഎമ്മിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയത് കിറ്റെക്‌സ് ഗ്രൂപ്പ്; തുക വിവരം അറിയാം

കൊച്ചി: സിപിഎമ്മിന് 2022-23 സാമ്പത്തിക വർഷത്തിൽ കേരളത്തിൽ നിന്നും ഏറ്റവും അധികം സംഭാവന ലഭിച്ചത് കിറ്റെക്‌സ് ഗ്രൂപ്പിൽ നിന്ന്. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയവരുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി സിപിഎം തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 30 ലക്ഷം രൂപയാണ് സിപിഎമ്മിന് ചെക്ക് വഴി കിറ്റെക്‌സ് ഗ്രൂപ്പ് നൽകിയിരിക്കുന്നത്. അടുത്ത കാലത്തായി സംസ്ഥാന സർക്കാരുമായി ഏറ്റവും അധികം തർക്കമുണ്ടായ കമ്പനിയാണ് കിറ്റെക്‌സ്. ഇതേ കമ്പനി തന്നെയാണ് ഏറ്റവും അധികം തുക സംസ്ഥാനം ഭരിക്കുന്ന പാർട്ടിക്ക് സംഭാവന നൽകിയിരിക്കുന്നത്.

അതേസമയം, ദേശീയ തലത്തിൽ സംഭാവന നൽകിയവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് കിറ്റെക്‌സ് കമ്പനി. സിഐടിയു കർണാടക സംസ്ഥാന കമ്മിറ്റിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 56.8 ലക്ഷമാണ് കമ്പനി നൽകിയ സംഭാവന. അതേസമയം, സാമാന്യ മര്യാദയുടെ പേരിലാണ് സിപിഎമ്മിന് സംഭാവന നൽകിയതെന്നാണ് കിറ്റെക്‌സ് ഗ്രൂപ്പ് ചെയർമാൻ സാബു എം ജേക്കബ് അറിയിച്ചത്. സിപിഎമ്മിനെ പേടിയുള്ളത് കൊണ്ടല്ലെന്നും തികച്ചും സ്വാഭാവികമായ നടപടി മാത്രമാണെന്നും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്താണ് പണം സംഭാവന നൽകിയതെന്നും അദ്ദേഹം വിശദമാക്കി.

എന്നാൽ ഇതേ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം. കേരളത്തിലുള്ള വ്യക്തികൾ, ബിൽഡർമാർ, സ്വർണവ്യാപാരികൾ എന്നിവരിൽ നിന്നാണ് സിപിഎമ്മിന് ഏറ്റവും കൂടുതൽ സംഭാവനകൾ ലഭിച്ചിരിക്കുന്നത്.