തിരുവനന്തപുരം: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴൽനാടൻ കൂടുതൽ രേഖകൾ പുറത്തുവിട്ടു. കമ്പനി നഷ്ടത്തിലാണെന്നും ഇൽമനൈറ്റ് ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ തേടി 2017ൽ മുഖ്യമന്ത്രിക്ക് സിഎംആർഎൽ നിവേദനം സമർപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
2017 ൽ 75 കോടിയുടെ നഷ്ടക്കണക്ക് നിരത്തിയ സിഎംആർഎൽ മുഖ്യമന്ത്രിയുടെ ഇടപെടലിൽ 4 വർഷത്തിനിടെ 56 കോടിയുടെ ലാഭത്തിൽ എത്തിയെന്നാണ് അദ്ദേഹം ഉന്നയിച്ച മറ്റൊരു ആരോപണം. കുട്ടനാട് വെള്ളപ്പൊക്കത്തിന്റെ പേരിൽ തോട്ടപ്പള്ളിയിലെ മണൽ നീക്കം ചെയ്തതിലൂടെ സർക്കാരിന് കോടികളുടെ നഷ്ടം ഉണ്ടായി. ഇതിന്റെ ലാഭം കൊയ്തത് സിഎംആർഎൽ ആണെന്നും അദ്ദേഹം വ്യക്തമാക്കി. എക്സാലോജിക്കിന് ലഭിച്ചത് ഇതിന്റെ പ്രതിഫലമാണെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേർത്തു.

