ന്യൂഡൽഹി: കേരളത്തിനെതിരെ വിമർശനവുമായി കേന്ദ്രം സുപ്രീം കോടതിയിൽ. സാമ്പത്തികമായ അനാരോഗ്യമുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ അടിയന്തരമായി 26,226 കോടി രൂപ കടമെടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
അധിക കടമെടുപ്പ് അനുവദിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രം സത്യവാങ്മൂലം ഫയൽ ചെയ്തത്. കടമടുപ്പ് നയപരമായ വിഷയമാണെന്നും കോടതി ഇടപെടരുതെന്നും കേന്ദ്രം അറിയിച്ചു. അടിയന്തര കടമെടുപ്പിന് കേരളത്തിന് അവകാശമില്ലെന്നും പതിനഞ്ചാം ധനകാര്യകമ്മിഷൻ സംസ്ഥാനത്തെ ഉയർന്ന കടബാധ്യതയുള്ള സംസ്ഥാനമായി വിലയിരുത്തുവെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ചുള്ള സിഎജി, ധനകാര്യകമ്മിഷൻ റിപ്പോർട്ടുകളും സംസ്ഥാന കേന്ദ്ര കത്ത് ഇടപാടുകളും കേന്ദ്രം സുപ്രീം കോടതിയിൽ സമർപ്പിച്ചു.
കേരളം കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് എഎഫ്ഡിയിൽനിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കുന്നതിൽ 2014 മുതൽ വീഴ്ച വരുത്തിയിരുന്നു. പിന്നീട് കേന്ദ്രമാണ് ഈ തുക അടച്ചത്. കിഫ്ബി ഉൾപ്പെടെയുള്ള ഏജൻസികൾ എടുത്ത വായ്പ കൂടി ഉൾപ്പെടുത്തിയാൽ കേരളത്തിന്റെ കടം ഏറെ അധികമാകുമെന്നും കേന്ദ്ര സർക്കാർ വിശദീകരിച്ചിട്ടുണ്ട്.

