ന്യൂഡൽഹി: തന്റെ ദിനചര്യയെ കുറിച്ച് വിശദമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചഭക്ഷണത്തിന് കൂടെക്കൂട്ടിയ എട്ട് എംപിമാരോടാണ് അദ്ദേഹം തന്റെ ദിനചര്യ വിശദമാക്കിയത്. താൻ രാവിലെ വളരെ നേരത്തേ എഴുന്നേൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്നുമൂന്നര മണിക്കൂർ മാത്രമാണ് ഉറക്കം. രാത്രി ജോലികഴിയുമ്പോഴാണ് കിടക്കുന്നത്. രാവിലെ യോഗ നിർബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ലളിതമാണ്. വൈകീട്ട് ഒരു ചായ നിർബന്ധവും. സൂര്യാസ്തമനത്തിനു മുമ്പാണ് രാത്രിഭക്ഷണം കഴിക്കുക. സൂപ്പോ മറ്റോ കഴിക്കുമെന്നും അദ്ദേഹം വിശദമാക്കി. യുഡിഎഫ് എംപി എൻകെ പ്രേമചന്ദ്രൻ, ബിജെപി എംപിമാരായ ഹീന ഗാവിത്, എസ് ഫാങ്‌നോൺ കൊന്യാക്, ജംയാങ് സെറിങ് നങ്യാൽ, എൽ മുരുഗൻ, ടിഡിപി എംപി രാംമോഹൻ നായിഡു, ബിഎസ്പി എംപി റിതേഷ് പാണ്ഡെ, ബിജെഡി എംപി സസ്മിത് പത്ര എന്നിവരെയാണ് പ്രധാനമന്ത്രി ഉച്ചഭക്ഷണത്തിന് കൂടെ കൂട്ടിയത്.
കിച്ച്ടിയും പരിപ്പും പപ്പടവുമടങ്ങുന്ന വിഭവങ്ങളായിരുന്നു ഉച്ചഭക്ഷണം. 45 മിനിറ്റുനേരം എംപിമാർ പ്രധാനമന്ത്രിക്കൊപ്പം ചെലവഴിച്ചു. പ്രധാനമന്ത്രിയായതിനാൽ എല്ലാവരും അല്പം ഒതുങ്ങിയാണ് സംസാരിച്ചതെന്നും അദ്ദേഹം ചിരിയും തമാശയുമായി അന്തരീക്ഷം ലഘൂകരിച്ച് അകൽച്ചയെല്ലാം മാറ്റി തങ്ങളിലൊരാളെപ്പോലെയാണ് സംസാരിച്ചതെന്നും എൻ കെ പ്രേമചന്ദ്രൻ വ്യക്തമാക്കി.

