പൗരത്വ ഭേദഗതി നിയമം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് പ്രാബല്യത്തിൽ കൊണ്ടുവരും; അമിത് ഷാ

ന്യൂഡൽഹി: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പ്രാബല്യത്തിൽ കൊണ്ടുവരുമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി രാജ്യത്ത് തുടർച്ചയായി മൂന്നാമതും ഭരണത്തിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 370 സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തുളള മുസ്ലീം സഹോദരങ്ങൾ പൗരത്വഭേദഗതി നിയമത്തെക്കുറിച്ച് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നും പുറത്താക്കപ്പെട്ട് ഇന്ത്യയിലേക്കെത്തിയ പൗരൻമാർക്ക് പൗരത്വം നൽകുകയെന്നതേ ഈ ഭേദഗതിയിലൂടെ അർത്ഥമാക്കുന്നുളളൂ. ഇത് ഇന്ത്യയിലുളള ആരുടെയും പൗരത്വം തട്ടിയെടുക്കാനുളളതല്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും പഴയ സ്ഥാനത്ത് തന്നെ തുടരും’ അദ്ദേഹം പറഞ്ഞു. ‘ജമ്മുകശ്മീരിന് നൽകിയിരുന്ന പ്രത്യേക പദവി (ആർട്ടിക്കിൾ 370) തങ്ങൾ റദ്ദാക്കിയിരുന്നു. അതിനാൽ തന്നെ തിരഞ്ഞെടുപ്പിൽ 370 സീറ്റുകളും ബിജെപിക്ക് ലഭിക്കുമെന്ന് വിശ്വാസമുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.