എക്‌സാലോജിക്കിനെതിരായ എസ്എഫ്‌ഐഒ അന്വേഷണം; സുപ്രധാന ഹർജികൾ തിങ്കളാഴ്ച്ച പരിഗണിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഡയറക്ടറായ എക്‌സാലോജിക് കമ്പനിക്കെതിരായ എസ്എഫ്‌ഐഒ അന്വേഷണം സംബന്ധിച്ച് മൂന്ന് സുപ്രധാന ഹർജികൾ കേരള, കർണാടക ഹൈക്കോടതികൾ ഫെബ്രുവരി 12 ന് പരിഗണിക്കും. എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരായ എക്‌സാലോജിക്കിന്റെ ഹർജി കർണാടക ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് നാഗ പ്രസന്നയുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. കഴിഞ്ഞ ദിവസമാണ് എക്‌സാലോജിക് കർണാടക ഹൈക്കോടതിയെ സമീപിച്ചത്.

അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിന് ആധാരമായ വിവരങ്ങൾ ലഭ്യമാക്കണമെന്നും തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും എക്‌സാലോജിക്ക് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം സ്റ്റേ ചെയ്യുന്നതിന് പുറമെ കേസ് റദ്ദാക്കണമെന്നും കമ്പനി ആവശ്യപ്പെട്ടു. അതേസമയം, ഫെബ്രുവരി 12 ന് സിഎംആർഎല്ലും എക്‌സാലോജികുമായുള്ള ഇടപാടിൽ എസ്എഫ്‌ഐഒ അന്വേഷണം ആവശ്യപ്പെട്ട് അഡ്വക്കേറ്റ് ഷോൺ ജോർജ് സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി പരിഗണിക്കും.

മാസപ്പടി കേസിൽ എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള സർക്കാർ പൊതുമേഖല സ്ഥാപനമായ കെഎസ്‌ഐഡിസി നൽകിയ അപ്പീൽ ഹർജിയും തിങ്കളാഴ്ച ഹൈക്കോടതിയുടെ പരിഗണനയിൽ എത്തും. സിഎംആർഎലും എക്‌സാലോജിക്കും തമ്മിലുള്ള ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് കെഎസ്‌ഐഡിസിയോട് എസ്എഫ്‌ഐഒ രേഖകൾ ആവശ്യപ്പെട്ടത്.