തിരുവനന്തപുരം: സേവന നിരക്ക് 10 ശതമാനം വർദ്ധിപ്പിച്ച് കെഎസ്ഇബി. ഇന്നലെ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. പുതിയ കണക്ഷൻ, മീറ്റർ മാറ്റിവയ്ക്കൽ, ഉടമസ്ഥാവകാശം മാറ്റൽ എന്നിവക്കെല്ലാം സേവന നിരക്ക് ബാധകമാണ്. അതേസമയം, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്കും 100 വാട്ടിന് താഴെ ഉപയോഗിക്കുന്നവർക്കും കണക്ഷൻ സൗജന്യമായി നൽകുന്നത് തുടരുമെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. ഇതിനു മുമ്പ് കെഎസ്ഇബി സേവന നിരക്കുകൾ വർദ്ധിപ്പിച്ചത് 2018 ഏപ്രിലിലാണ്.
പ്രതിവർഷം 30 ലക്ഷത്തിലേറെ പേരാണ് പുതിയ കണക്ഷനോ കണക്ഷൻ മാറ്റാനോ അപേക്ഷിക്കുന്നത്. ഇതിന്റെ ഇരട്ടിയിലേറെ അപേക്ഷയാണ് പോസ്റ്റ് മാറ്റിവയ്ക്കാനായി ലഭിക്കുന്നത്. കെഎസ്ഇബി പ്രതിവർഷം ആയിരം കോടി നഷ്ടത്തിലാണ്. താരിഫ് വർദ്ധനയിലൂടെ 720 കോടിയും അധിക സേവന നിരക്കിലൂടെ ബാക്കി നഷ്ടവും നികത്താമെന്നാണ് കണക്കാക്കപ്പെടുന്നത്.
സംസ്ഥാനത്ത് ഒന്നേകാൽ കോടി ഗാർഹിക കണക്ഷനുണ്ട്. 2023 നവംബറിലാണ് വൈദ്യുതിക്ക് യൂണിറ്റിന് 20 പൈസ കൂട്ടിയത്. ഒപ്പം യൂണിറ്റിന് 19 പൈസ സർചാർജ്ജും ഈടാക്കുന്നുണ്ട്.

