ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടു; റിയാസ് അബുബക്കറിന് 10 വർഷം കഠിനതടവ്

കൊച്ചി: സംസ്ഥാനത്ത് ചാവേർ ആക്രമണത്തിന് പദ്ധതിയിട്ട റിയാസ് അബുബക്കറിന് 10 വർഷം കഠിനതടവ് വിധിച്ച് കൊച്ചി എൻഐഎ കോടതി. വിവിധ വകുപ്പുകൾ പ്രകാരം 25 വർഷം കഠിന തടവുണ്ടെങ്കിലും, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. 1,25,000 പിഴയും വിധിച്ചിട്ടുണ്ട്. നാലു വർഷം പ്രതി ജയിലിൽ കഴിഞ്ഞ കാലാവധി ശിക്ഷയിൽ ഇളവു ചെയ്യുമെന്ന് കോടതി അറിയിച്ചു.

പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസ് ഐഎസിന്റെ കേരള ഘടകം ഉണ്ടാക്കി ചാവേർ സ്‌ഫോടങ്ങൾക്ക് പദ്ധതി ഇട്ടെന്നായിരുന്നു കേസ്. സമൂഹത്തെ നശിപ്പിക്കാനാണ് പ്രതി ശ്രമിച്ചതെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.2018 ലാണ് റിയാസ് അബൂബക്കറെ എൻഐഎ അറസ്റ്റ് ചെയ്തത്. യുഎപിഎ വകുപ്പുകളും ഗൂഡാലോചനാക്കുറ്റവുമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഈ കുറ്റങ്ങളാണ് കോടതിയിൽ തെളിഞ്ഞിരിക്കുന്നത്.

അതേസമയം, ഇയാൾക്കൊപ്പം പിടിയിലായ രണ്ട് പേരെ കേസിൽ എൻഐഎ മാപ്പ് സാക്ഷി ആക്കിയിരുന്നു.