തിരുവനന്തപുരം: വലിയ സാമ്പത്തിക പ്രതിസന്ധിയിലായതോടെ വിൽപന കുറവുള്ള മാവേലി സ്റ്റോറുകൾ അടച്ചുപൂട്ടാനൊരുങ്ങി സപ്ലൈകോ. ഇതിന്റെ ഭാഗമായി മാവേലി സ്റ്റോറുകളുടെ കണക്കെടുപ്പ് പട്ടിക തയ്യാറാക്കി. ആകെ 815 മാവേലി സ്റ്റോറുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ ലാഭകരമല്ലാത്തവയും വിറ്റുവരവ് ഇല്ലാത്തതും അടച്ചുപൂട്ടാനാണ് നിലവിലെ തീരുമാനം.
അതേസമയം ഇനി സബ്സിഡി ഇനത്തിൽ വിൽക്കാൻ സാധനങ്ങൾ നൽകില്ലെന്ന് സപ്ലൈകോ എംഡി, ഔട്ട്ലെറ്റ് മാനേജർമാരെ അറിയിച്ചു. പ്രാദേശിക ടെൻഡറിൽ വാങ്ങുന്ന സാധനങ്ങൾ സബ്സിഡി നിരക്കിൽ വിൽക്കാൻ പാടില്ലെന്ന് നിർദേശിക്കുന്ന എം.ഡിയുടെ ഉത്തരവ് മാതൃഭൂമി ന്യൂസിന് ലഭിച്ചു.
2016 മുതൽ വില കൂട്ടാതെ സബ്സിഡി നൽകി 13 അവശ്യസാധനങ്ങൾ സപ്ലൈകോ വിൽക്കുന്നുണ്ട്. അരിയും സബ്സിഡി നൽകി വിൽക്കുന്നു. ഏകദേശം 1,500 കോടി രൂപയാണ് സർക്കാർ സപ്ലൈകോയ്ക്ക് നൽകാനുള്ളത്. എന്നാൽ ബജറ്റിൽ അനുവദിച്ചത് പത്തുകോടി രൂപ മാത്രമാണ്.

