ഇന്റർനെറ്റ് ലഭ്യത കുറഞ്ഞ സ്ഥലങ്ങളിലും ആർബിഐയുടെ ഡിജിറ്റൽ കറൻസി ഇ-റുപ്പി ഉപയോഗിക്കാം; സൗകര്യമൊരുക്കാൻ ആർബിഐ

ന്യൂഡൽഹി: ഇന്റർനെറ്റ് ലഭ്യത കുറഞ്ഞ സ്ഥലങ്ങളിലും ആർബിഐയുടെ ഡിജിറ്റൽ കറൻസിയായ ഇ-റുപ്പി ഉപയോഗിക്കാൻ സൗകര്യമൊരുങ്ങുന്നു. ഓഫ് ലൈനായി ഉപയോഗിക്കുന്നതിനുള്ള പരീക്ഷണം ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. നിശ്ചിത ആവശ്യത്തിന് മാത്രമായി ഇ-റുപ്പിയുടെ ഉപയോഗം താത്കാലികമായി പരിമതിപ്പെടുത്താനും സംവിധാനമൊരുങ്ങും. മലയോര മേഖലകളിലും ഡിജിറ്റൽ രൂപ വിനിമയം സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് അധികൃതർ ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്.

വ്യക്തിഗത, വ്യാപാര ഇടപാടുകൾക്കാണ് നിലവിൽ ഡിജിറ്റൽ രൂപ വാലറ്റ് വഴി ഉപയോഗിക്കുന്നത്. പണം എന്താവശ്യത്തിന് ഉപയോഗിക്കണമെന്ന് മുൻകൂട്ടി നിശ്ചയിച്ച് പ്രോഗ്രാം ചെയ്ത് നൽകാനും വൈകാതെ സൗകര്യമൊരുക്കുമെന്നും ആർബിഐ അറിയിച്ചു. ഇത്തരത്തിൽ ഒരാൾക്ക് നൽകുന്ന ഡിജിറ്റൽ രൂപ അതേ ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ. ക്ഷേമ പദ്ധതികൾക്കും മറ്റ് സർക്കാർ ഏജൻസികൾ നൽകുന്ന പണം അതേ ആവശ്യത്തിന് ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ഉൾപ്പടെ ഇതുവഴി കഴിയും.

ജീവനക്കാർക്ക് ബിസിനസ് യാത്രക്കൾക്കും മറ്റും നൽകുന്ന പണം നിയന്ത്രിക്കാൻ കോർപ്പറേറ്റുകൾക്കും ഇത് സൗകര്യം നൽകും. നൽകുന്ന തുക എത്ര കാലം, ഏതെല്ലാം മേഖലയിൽ ഉപയോ?ഗിക്കാനാകുമെന്നല്ലാം മുൻകൂട്ടി നിശ്ചയിക്കാൻ സാധിക്കും. യുപിഐ വഴി ഓഫ് ലൈനായി ഇടപാടുകൾ നടത്താൻ കഴിയുന്നതിന് സമാനമായ രീതിയിലാകും ഇ-റുപ്പി ഓഫ്ലൈൻ ഇടപാടുകൾ നടത്താൻ കഴിയുക. ഗ്രാമങ്ങൾ, നഗരങ്ങൾ, മലനിരകൾ എന്നിവിടങ്ങളിൽ സൗകര്യം ലഭ്യമാക്കാനായി പല മാർഗങ്ങൾ പരീക്ഷിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു.